ബംഗാളിൽ കോൺഗ്രസുമായുള്ള സീറ്റ് ധാരണയെ സിപിഎം കേരളഘടകം നേരത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ പി ബിയിൽ കോൺഗ്രസ് സഖ്യത്തെ കേരളഘടകവും അനുകൂലിച്ചതായാണ് വിവരം. സീറ്റ് ധാരണയല്ലാതെ മറ്റുവഴികളില്ലെന്നും പിബി യോഗത്തിൽ കേരള നേതാക്കൾ അഭിപ്രായപ്പെട്ടു.
സിബിഐയെ വിലക്കാൻ സംസ്ഥാനത്തിനു സിപിഎം പോളിറ്റ് ബ്യുറോ അനുമതി നൽകി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന് പി.ബി വിലയിരുത്തി. പൊതുസമ്മതം എടുത്തു കളഞ്ഞ് സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ വേണം സിബിഐ അന്വേഷണം നടത്താൻ എന്നും പി.ബി തീരുമാനിച്ചു. പിബി തയ്യാറാക്കിയ കരട് ഈ മാസം 30,31 തീയതികളിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.
advertisement
സി.പി.എമ്മിനുള്ളിൽ വർഷങ്ങളായി നിലനിൽക്കുന്ന അഭിപ്രായഭിന്നതയാണ് അവസാനിക്കുനത്. 2016-ൽ ഇത് സംബന്ധിച്ച് ബംഗാൾ ഘടകം നിർദേശം മുന്നോട്ടുവച്ചപ്പോൾ കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞിരുന്നു. കേരള ഘടകത്തിന്റെ ശക്തമായ എതിർപ്പായിരുന്നു അതിന് കാരണം. നിലവിലെ സാഹചര്യത്തിൽ പി.ബി തീരുമാനത്തെ കേന്ദ്രകമ്മിറ്റിയും അംഗീകരിക്കാനാണ് സാധ്യത.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകൾ നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച തൃണമൂൽ കോൺഗ്രസായിരുന്നു മുഖ്യശത്രു. എന്നാൽ ബി.ജെ.പി. സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിനുള്ള തന്ത്രങ്ങൾ മെനയുകയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ പിന്തുണ കൂടി ഇല്ലാതെ മുന്നോട്ട് പോകാനാവിലെന്ന നിരീക്ഷണത്തിലേക്ക് പി.ബി എത്തിയതായാണ് വിവരം.