ബ്രിട്ടനിലെ രാജകുടുംബം വീട്ടുജോലിക്കായി അപേക്ഷ ക്ഷണിച്ചു. റോയൽ ഹൗസ്‌ഹോൾഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഒഴിവുകൾ പോസ്റ്റു ചെയ്‌തിരിക്കുന്നത്. ലെവൽ 2 അപ്രന്റിസ്ഷിപ്പ് ജോലിയിൽ പ്രവേശിക്കുന്നവർക്ക് തുടക്ക ശമ്പളമായി ലഭിക്കുന്നത് 18.5 ലക്ഷം രൂപയാണ്. മറ്റ് ആനുകൂല്യങ്ങൾ വേറെ.
ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവർ കൊട്ടാരത്തിൽ തന്നെ താമസിക്കണം. വിൻഡ്‌സർ കാസിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിക്കായി പോകേണ്ടി വരും. ജോലിക്ക് എത്തുന്നവർക്ക് ആവശ്യമായ പരിശീലനം നൽകും. കൊട്ടാരത്തിനകത്തെ കാര്യങ്ങൾ വൃത്തിയായി പരിപാലിക്കുക എന്നതായിരിക്കും ഇവരുടെ പ്രഥമ ജോലി.
ഇത് ഒരു സ്ഥിരം ജോലിയാണ്. ജോലിക്കായി എത്തുന്നവർക്ക് ആദ്യം 13 മാസത്തേക്ക് പരിശീലനം നൽകുകയും തുടർന്ന് മുഴുവൻ സമയ ജോലിക്കാരായി നിയമിക്കുകയും ചെയ്യും. ജോലിക്കായി അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യത നേടേണ്ടതുണ്ട്, ഇല്ലെങ്കിൽ പരിശീലന സമയത്തിനുള്ളിൽ നേടിയാലും മതി. എന്നാൽ വീട്ടുജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന നൽകും.
Also Read Vijayadashami| വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് ഉപ്പും മുളകിലെ പാറുക്കുട്ടിയും
ജോലി നേടുന്നവർക്ക് ആരംഭ ശമ്പളമായി 19,140.09 പൗണ്ട് ലഭിക്കും അതായത് ഇന്ത്യയിലെ 18.5 ലക്ഷം രൂപ. വർഷത്തിലുടനീളം വിവിധ കൊട്ടാരങ്ങളില്‍ താമസിക്കാനുള്ള അവസരവും കൂടാതെ ഒരു വർഷത്തിൽ 33 ദിവസത്തെ അവധി ദിവസങ്ങളും ലഭിക്കും. മാത്രമല്ല, ടെന്നീസ് കോർട്ടുകൾ, നീന്തൽക്കുളങ്ങൾ, മറ്റ് സൗകര്യങ്ങൾ തുടങ്ങി എല്ലാ രാജകീയ സൗകര്യങ്ങളും ആസ്വദിക്കാൻ കഴിയും.
എന്നാൽ പറയുന്നത് പോലെ അത്ര എളുപ്പമല്ല ജോലി ലഭിക്കുന്നതെന്നാണ് രാജകുടുംബത്തിലേക്ക് ജോലിക്ക് റിക്രൂട്ട് ചെയ്യുന്ന സിൽവർ സ്വാൻ റിക്രൂട്ട്മെന്റ് ഏജൻസി കമ്പനി പറയുന്നത്. രാജകുടുംബത്തിന് അനുയോജ്യമായ ആളെ അത്രയും വിദഗ്ദമായാണ് കണ്ടെത്തുന്നതെന്ന് ഇവർ പറയുന്നു. വീട്ടിലെ ഓരോ റോളും വളരെ വ്യത്യസ്തമാണെന്നും യോഗ്യതയേക്കാൾ ജോലിസ്ഥലത്തെ പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നും സിൽവർ സ്വാൻ റിക്രൂട്ട്മെന്റ് ഏജൻസി എം.ഡി സ്മിത്ത് പറഞ്ഞു. ജോലിക്കായുള്ള അപേക്ഷകൾ ഒക്ടോബർ 28 ന് അവസാനിക്കും. അതിനുശേഷം വെർച്വൽ ഇന്റർവ്യൂ ഉണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.