കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയവർക്ക് കുറച്ചുനാൾ നിരീക്ഷണ കാലമായിരിക്കും. ഇവർക്ക് നേരിട്ട് പാർട്ടി അംഗത്വം നൽകാൻ സിപിഎം ഭരണഘടനയനുസരിച്ച് കഴിയില്ല അതിന് കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം.
കെ പി അനിൽകുമാറിനും പി എസ് പ്രശാന്തിനും സി പി എം അംഗത്വത്തിന് കാത്തിരിക്കേണ്ടി വരും എന്നർഥം. ബോർഡ്, കോർപ്പറേഷൻ അധ്യക്ഷ സ്ഥാനവും നൽകില്ല. അത്തരം പദവികളിൽ താത്പര്യമില്ലെന്ന് ഇരു നേതാക്കളും സി പി എമ്മിനെ അറിയിച്ചിട്ടുമുണ്ട്.
സംഘടനാ പ്രവർത്തനത്തിൽ സഹകരിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. അതു പരിഗണിച്ച് സി ഐ ടി യു വിലോ മറ്റു ബഹുജന സംഘടനകളിലോ ഇവർക്ക് ഭാരവാഹിത്വം നൽകും. അതിനു ശേഷം പ്രവർത്തനം വിലയിരുത്തിയാകും പാർട്ടി പ്രവേശനം.
advertisement
അസംതൃപ്തരായ കൂടുതൽ കോൺഗ്രസ് നേതാക്കൾ വൈകാതെ പാർട്ടിയിലേക്കു വരുമെന്നും സി പി എം വിലയിരുത്തുന്നു. ആരേയും സി പി എം വലവീശി പിടിക്കില്ല. എന്നാൽ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ്,സി പി എമ്മിനെ അംഗീകരിച്ച് വരുന്നവരെ സ്വീകരിക്കും. നേരത്തേ കോൺഗ്രസ് വിട്ട പത്തനംതിട്ട ഡിസിസി മുൻ പ്രസിഡൻ്റ് ഫീലിപ്പോസ് തോമസിനെയും ഇതേ രീതിയിലാണ് സി പി എം ഉൾക്കൊണ്ടത്.
