വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത സ്ഥലം എംഎല്‍എക്കെതിരെ കേസെടുക്കണം. കേസ് അട്ടിമറിക്കാനാണ് സിപിഎം എംഎല്‍എ ശ്രമിച്ചത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ അവരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തിലുള്ളവര്‍ക്കെതിരെ കേസെടുക്കണം. രാജ്യത്ത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപെടാതെ പോവുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. ഭരണകക്ഷിക്കാരായതു കൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നത്. സമീപകാലത്ത് പട്ടികജാതിക്കാരായ പെണ്‍കുട്ടികള്‍ ഇരകളായ നിരവധി കേസുകള്‍ അട്ടിമറിക്കപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങളും ബലാത്സംഘങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. 75,000ല്‍ അധികം സ്ത്രീപീഡനകേസുകളാണ് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 15,000 ബലാത്സംഘ കേസുകളുണ്ട്. അഞ്ച് മാസത്തിനിടെ 1600 സ്ത്രീപീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചുകുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് കേരളത്തിലാണ്. പൊലീസും ഭരണസംവിധാനങ്ങളും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത്.
advertisement
പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായിട്ടും ഭരണകക്ഷി നേതാക്കള്‍ അത് ആവര്‍ത്തിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണ് കേരളത്തിലെ സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. ക്രിമിനല്‍ കേസുകള്‍ തെളിയിക്കുന്നതില്‍ കേരള പൊലീസ് താത്പര്യം കാണിക്കുന്നില്ല. കള്ളക്കേസുകളെടുക്കാന്‍ മാത്രമേ കേരള പൊലീസിന് താത്പര്യമുള്ളൂ. ഇത്രയും പീഡനങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
