കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ് തൃക്കരിപ്പൂർ. ഇത്തവണ കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് നൽകി കോൺഗ്രസ് ഇത് തിരികെ വാങ്ങി. എൽഡിഎഫിൽനിന്ന് സീറ്റ് പിടിച്ചെടുക്കുകയെന്നതായിരുന്നു ലക്ഷ്യം. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവർ തൃക്കരിപ്പൂർ സീറ്റിനായി കോൺഗ്രസിൽ വാദമുന്നയിക്കുകയുംചെയ്തു.
ബാലകൃഷ്ണൻ പെരിയയെയും തൃക്കരിപ്പൂരിൽ പരിഗണിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് വാര്യരെയാണ് കോൺഗ്രസ് തൃക്കരിപ്പൂരിൽ മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതോടെയാണ് ജില്ലയിൽനിന്നുള്ള നേതാവ് തന്നെ വേണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
സന്ദീപ് വാര്യർക്കെതിരെ യൂത്ത് കോൺഗ്രസും രംഗത്തെത്തി. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത്കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയും വ്യക്തമാക്കി.
കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപ് വാര്യരെ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയറിഞ്ഞതോടെ ഡിസിസി പ്രസിഡന്റും ജനറൽ സെക്രട്ടറിമാരടക്കമുള്ളവരുടെ അനൗദ്യോഗിക യോഗം ഡിസിസി ഓഫീസിൽ ചേർന്നു.
സന്ദീപ് വാര്യർതന്നെ സ്ഥാനാർത്ഥിയെങ്കിൽ തൃക്കരിപ്പൂരിൽ വിമത സ്ഥനാർത്ഥി ഉണ്ടാകാനുള്ള സാധ്യതയേറി. തൃക്കരിപ്പൂരിൽ ജില്ലയില്‍നിന്നുള്ള സ്ഥാനാർത്ഥി വേണമെന്നാണ് നേതാക്കളുടെ നിലപാട്. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
Summary: The Kasaragod District Congress Committee (DCC) has expressed strong resentment over the state leadership's move to field Sandeep Varier, who recently joined from the BJP, in the Thrikaripur constituency. The local leadership is demanding a candidate from within the district and has warned of a potential internal crisis. DCC President P.K. Faisal stated that they will not accept an "imported" candidate. An emergency meeting was convened where leaders made it clear they would not support Varier’s candidacy.
