ഗസ്റ്റ് ഹൗസ് നവീകരണം
ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ഇല്ല. അങ്ങനെ ഒരു വാർത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണ്.
പരിപാടി കഴിഞ്ഞതിന് ശേഷം അംഗീകരിക്കാവുന്ന ചെലവുകൾ സംബന്ധിച്ച് 2025 നവംബർ 4ന് ദേവസ്വം കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിക്കാനായി ഒരു എസ്റ്റിമേറ്റ് തുക സ്പെഷ്യൽ കമ്മീഷണർക്ക് നൽകിയിരുന്നു. അതിലെ പാർട്ട് കെ എന്ന തലക്കെട്ടിൽ 'Furniture and Miscellaneous Items for Existing Office Complex and Guest House' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 3,83,439 രൂപ വകയിരുത്തിയതാണ്.
advertisement
ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്ന വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
കേന്ദ്ര മന്ത്രിമാരും ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്മാരും ഉൾപ്പെടെ എത്തുന്ന പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടിൽ വാങ്ങിയെന്ന തരത്തിൽ ദുഷ്പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.
നന്ദഗോവിന്ദം ഭജൻസ്
ആഗോള അയ്യപ്പ സംഗമത്തിന്റെ തുടക്കത്തിൽ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ ഇഷാൻ ദേവിനെ സമീപിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ 25-ലധികം കലാകാരന്മാരും 10-ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായത്.
നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിന്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണ്. അങ്ങനെ തുക നൽകിയിരുന്നുവെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്. തുക പോയത് ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണ്.
ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
ഇവന്റ് മാനേജ്മെന്റ് ഏജൻസി
വളരെ പരിമിതമായ സമയത്തിലാണ് ദേവസ്വം ബോർഡ് ഈ പരിപാടി ഏറ്റെടുത്തത്. എല്ലാ തലങ്ങളിലും സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും സംഗമം വിജയിപ്പിക്കാനാണ് ബോർഡ് ശ്രമിച്ചത്.
ഇത്തരം പരിപാടികൾ സംഘടിപ്പിച്ച പരിചയവും കിഫ്ബി എംപാനൽ അംഗീകാരവും ഉള്ള, തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് ഡെവലപ്പ്മെന്റിന്റെ സെന്റർ ഓഫ് എക്സലൻസ് ആയ Indian Institute of Infrastructure and Construction (IIIC) നെ ദേവസ്വം ബോർഡ് ഇവന്റ് മാനേജ്മെന്റ് ഏജൻസിയായി നിയമിച്ചു.
സ്പോൺസർഷിപ്പ് തുക ലഭിക്കുന്നതിൽ വൈകിവരുന്നത് പരിപാടിയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ, 2025-2026 ബഡ്ജറ്റിലെ Expenditure Head 2G – Supplies & Contingencies എന്ന ശീർഷകത്തിലെ ഉപശീർഷകമായ 21 – Religious Convention & Discourse എന്ന തലക്കെട്ടിൽ വകയിരുത്തിയിരുന്ന 5 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിനായി ധനലക്ഷ്മി ബാങ്കിൽ ആരംഭിച്ച പ്രത്യേക സേവിംഗ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
ആ അക്കൗണ്ടിൽ നിന്ന് 3 കോടി രൂപ IIIC-ക്ക് അഡ്വാൻസായി നൽകി. കൂടാതെ താമസസൗകര്യങ്ങൾക്കായി വിവിധ ഹോട്ടലുകൾക്ക് 12,76,440 രൂപയും, ജി.എസ്.ടി ഇനത്തിൽ 15,25,424 രൂപയും നൽകി.
സ്പോൺസർഷിപ്പ് തുക
വരവ്-ചെലവ് കണക്കുകൾ അന്തിമമായിട്ടില്ല. എന്നാൽ ഇതുവരെ ലഭിച്ച സ്പോൺസർഷിപ്പ് തുക മൂന്ന് കോടിയാണ്:
1. ധനലക്ഷ്മി ബാങ്ക് – ജി.എസ്.ടി ഒഴികെ 2 കോടി രൂപ
2. കേരള ബാങ്ക് – ജി.എസ്.ടി ഉൾപ്പെടുത്തി 1 കോടി രൂപ
ഇതിന് പുറമെ, അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലഭിച്ച മൂന്ന് കോടി രൂപ 2025 ഒക്ടോബർ 17ന് ദേവസ്വം ബോർഡ് ജനറൽ ഫണ്ടിൽ നിക്ഷേപിച്ചു. അതിലൂടെ അഡ്വാൻസായി നൽകിയ കോർപ്പസ് ഫണ്ട് തിരിച്ചെത്തിയിട്ടുണ്ട്. പ്രത്യേക അക്കൗണ്ടിൽ പലിശ ഉൾപ്പെടെ 1,74,40,912 രൂപ അവശേഷിക്കുന്നു.
ദേവസ്വം ഫണ്ടിൽ നിന്ന് എടുത്ത തുക തിരികെ നിക്ഷേപിച്ചിട്ടില്ലെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്.
ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികളുടെ അടിസ്ഥാനത്തിൽ, സംഗമവുമായി ബന്ധപ്പെട്ട കണക്കുകൾ ദേവസ്വം ബോർഡിന്റെ ഓഡിറ്റ് വിഭാഗം പരിശോധിച്ച് സ്പെഷൽ കമ്മീഷണർ മുമ്പാകെ സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഇവന്റ് മാനേജ്മെന്റ് ഏജൻസി സമർപ്പിച്ച എസ്റ്റിമേറ്റുകൾ, ഇൻവോയിസുകൾ, ബില്ലുകൾ, കരാർ രേഖകൾ എന്നിവയുടെ പകർപ്പുകൾ ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റായ മെസ്സേഴ്സ് വിജയൻ ആൻഡ് അസോസിയേറ്റ്സിന് ഓഡിറ്റിനായി കൈമാറി.
IIIC സമർപ്പിച്ച ബില്ലുകളും ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള ചെലവുകളും ഉൾപ്പെടുത്തി ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി സ്പെഷ്യൽ കമ്മീഷണർ മുമ്പാകെ സമർപ്പിക്കുകയായിരുന്നു.
ബോർഡ് യോഗം പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടി വന്നതിനാൽ, നന്ദഗോവിന്ദം ഭജൻസ് സംബന്ധിച്ച തെറ്റുകൾ പോലുള്ള ചില പൊരുത്തക്കേടുകൾ റിപ്പോർട്ടിൽ ഉണ്ടായിട്ടുണ്ട്.
ഭക്ഷണവുമായി ബന്ധപ്പെട്ട ആരോപണം
സംഗമം അവസാനിച്ച ദിവസം കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകിയതായി കണക്കാക്കി അനധികൃതമായി തുക എഴുതി എടുത്തുവെന്ന ആരോപണവും സത്യവിരുദ്ധമാണ്.
രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിവയായി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഭക്ഷണം നൽകിയതോടൊപ്പം, അന്നദാന പ്രിയനായ അയ്യപ്പന്റെ നാമത്തിൽ നടക്കുന്ന സംഗമമായതിനാൽ ഭക്ഷണത്തിൽ യാതൊരു വിവേചനവും ഉണ്ടാകരുതെന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്.
ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തർ, ദിവസവേതന തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങ്ങി പമ്പയിലെ ഭക്ഷണശാലയിൽ എത്തിയ എല്ലാവർക്കും ഭക്ഷണം നൽകി. കണക്കാക്കിയിരുന്ന സംഖ്യയുടെ ഇരട്ടിയിലധികം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്.
കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോർട്ട് കൂടുതൽ വിശദപരിശോധനയ്ക്കുമുമ്പ് സമർപ്പിക്കേണ്ടി വന്നത്. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് ബില്ലുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ.
ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളും.
അയ്യപ്പ സംഗമം ധൂർത്തോ അനാവശ്യ പരിപാടിയോ ആയിരുന്നില്ല. കാലത്തിന്റെ ആവശ്യമായ മഹത്തായ ഒരു സംരംഭമായിരുന്നു അത്. ശബരിമലയുടെ യശസ്സും മഹത്വവും ലോകമെമ്പാടും എത്തിക്കാനുള്ള ശ്രമത്തെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരിവാരിത്തേക്കരുതെന്നു വിനയപൂർവ്വം അഭ്യർത്ഥിക്കുന്നതായി ബോർഡ് പ്രസ്താവനയിൽ പറയുന്നു.
