നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം, 2025 ഡിസംബർ 8ന് ആലുവയിലെ 'പത്മസരോവരം' എന്ന വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പരാതി. അന്നേദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കേ് വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് സംപ്രേഷണം ചെയ്തിരുന്നു.
പരാതിയുടെ പൂർണ രൂപം
എസ്. ജയലക്ഷ്മി (സബിത) പത്മസരോവരം, കൊട്ടാരക്കടവ് റോഡ്, ആലുവ.
advertisement
സ്റ്റേഷൻ ഹൗസ് ഓഫിസർ, ആലുവ.
വിഷയം: 08.12.2025-ൽ റിപ്പോർട്ടർ ടിവിയും ഏഷ്യാനെറ്റ് ടിവിയും ഞങ്ങളുടെ സ്വകാര്യ വസതിക്ക് മുകളിൽ നിയമവിരുദ്ധമായും അനുമതിയില്ലാതെയും ഡ്രോൺ നിരീക്ഷണം നടത്തിയതിനെതിരെയുള്ള പരാതി.
സർ, സിനിമ നടൻ ദിലീപിന്റെ സഹോദരിയാണ് ഞാൻ. മേൽ സൂചിപ്പിച്ച വിലാസത്തിൽ അദ്ദേഹത്തോടൊപ്പമാണ് ഞാൻ താമസിക്കുന്നത്. 2025 ഡിസംബർ 8ന്, റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ടിവി എന്നീ ചാനലുകൾ ഞങ്ങളുടെ വീട്ടുപറമ്പിലേക്ക് ഡ്രോൺ അയക്കുകയും, സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടിലെ എല്ലാവരുടെയും സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു. ഡ്രോൺ ഉപയോഗിച്ച് അവർ ദിലീപിന്റെ മാത്രമല്ല, വീട്ടിലെസ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്തു. റിപ്പോർട്ടർ ടിവിയിലെ .... സംപ്രേക്ഷണത്തിനിടെ ഡ്രോൺ അയച്ചതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്, ഇതിലൂടെ ഈ കൃത്യത്തിലുള്ള തന്റെ പങ്ക് അദ്ദേഹം സമ്മതിക്കുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ്. ഞങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ല, ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളിൽ വ്യോമനിരീക്ഷണം നടത്താൻ ഒരു മാധ്യമസ്ഥാപനത്തിനും അധികാരമില്ല.
ഡ്രോൺ നിരീക്ഷണം നടത്തിയ സമയവും രീതിയും പരിശോധിച്ചാൽ, ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാനും, വാണിജ്യ ലാഭത്തിനായി നിയമവിരുദ്ധമായി ദൃശ്യങ്ങൾ ശേഖരിച്ച് സംപ്രേഷണം ചെയ്യാനുമുള്ള ദുരുദ്ദേശ്യം വ്യക്തമാണ്.
റിപ്പോർട്ടർ ടിവിയുടെയും ഏഷ്യാനെറ്റ് ടിവിയുടെയും മേൽപറഞ്ഞ വ്യക്തികളുടെയും ഈ പ്രവൃത്തികൾ ഞങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണ്. ഇത് ഭാരതീയ ന്യായ സംഹിത (BNS) 2023 പ്രകാരം സെക്ഷൻ 329 (ക്രിമിനൽ അതിക്രമം), സെക്ഷൻ 351 (ക്രിമിനൽ ഭീഷണി), സെക്ഷൻ 270 (പൊതുജനശല്യം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണ്.
നിയമവിരുദ്ധമായി പകർത്തിയ ദൃശ്യങ്ങൾ ശേഖരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തതിലൂടെ, 08.12.2025-ൽ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അന്തസ്സിനും സുരക്ഷയ്ക്കും സൽപ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു. അതിനാൽ, മേൽപറഞ്ഞ വ്യക്തികൾക്കെതിരെ അന്വേഷണം നടത്തണമെന്നും നിയമവിരുദ്ധ നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
എസ്. ജയലക്ഷ്മി
