സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും നഷ്ടമായി. മൊഴികളുടെ കയ്യെഴുത്ത് പകര്‍പ്പുകളും കാണാനില്ല. ആദ്യഘട്ടത്തിലെ അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്നാണ് ആക്ഷേപം. ഹോംസ്റ്റേ കത്തിച്ചത് ആര്‍.എസ്.എസുകാരെന്ന നിഗമനത്തിലേക്ക് സംഘം എത്തിയിരുന്നു.
അതേസമയം, കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന ആരോപണവുമായി സന്ദീപാനന്ദഗിരിയും രംഗത്തെത്തി. സംഘപരിവാറിന്റെ നുണപ്രചാരണം പൊളിഞ്ഞതായും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നാണ് പ്രതീക്ഷയുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
advertisement
ഹോംസ്റ്റേ കത്തിച്ച കേസിൽ തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. നാല് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആദ്യത്തെ അറസ്റ്റ് നടക്കുന്നത്. തീയിട്ട കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേക്ക് തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ച ശേഷം ഹോം സ്റ്റേയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.
ക്രൈംബ്രാഞ്ച് പറയുന്നത് ഇങ്ങനെ- ആത്മഹത്യ ചെയ്ത പ്രകാശും ശബരി എസ് നായര്‍ എന്ന മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനും ചേര്‍ന്നാണ് തീയിട്ടത്. വിജിലേഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കിലാണ് ഇവര്‍ അവിടെയെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുഖ്യ തെളിവായി ലഭിച്ചു. തീവയ്പ്പിനു പിന്നാലെ 8 വര്‍ഷം മാത്രം പഴക്കമുള്ള ഈ ബൈക്ക് പൊളിച്ചുവിറ്റതും പ്രധാന തെളിവാണെന്നും ക്രൈംബ്രാഞ്ച് വാദിക്കുന്നു. പ്രകാശ് മരിച്ചതിനാല്‍ ശബരി, വിജിലേഷ് എന്നിവരെ പിടിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ അടുത്ത ലക്ഷ്യം.