ലൈഫ് മിഷൻ ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. ഏറെ വൈകിയാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് നിജസ്ഥിതി പുറത്തു വരട്ടെ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
ഇതിനിടെ വിദേശ സഹായാം സ്വീകരിച്ചതിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും എഫ്.ഐ.ആറിൽ സി.ബി.ഐ വ്യക്തമാക്കുന്നു. ലൈഫ് മിഷൻ സി.ഇ.ഒ സർക്കാർ പ്രതിനിധിയാണ്. അതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സി.ബി.ഐ നിരീക്ഷിക്കുന്നു.
advertisement
അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സർക്കാർ പദ്ധതിക്കാണെന്നും, ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യൂണിടാകും കോൺസുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സർക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സർക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതിൽ സർക്കാരിന് ബാദ്ധ്യതയില്ലെങ്കിൽ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോൺസുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്.
കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ വിദേശ ധനസഹായം സ്വീകരിച്ചുവെന്ന കേസിൽ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമാതാക്കളായ യൂണിടാക് ബിൽഡേഴ്സിനെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. സ്ഥാപനത്തിന്റെ ഓഫീസിൽ ഇന്നലെ പരിശോധനയും നടത്തി. കേസിൽ ഒന്നാം പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലുളള ലൈഫ് മിഷൻ ഓഫീസിലും വൈകാതെ പരിശോധന ഉണ്ടാകുമെന്നാണ് വിവരം.