സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലായിരുന്നു ഉത്തരവ്. അതേസമയം, അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കി. ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്.
advertisement
കഴിഞ്ഞദിവസം ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇഡി തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് എം ശിവശങ്കർ ഹർജിയിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ യുഎഇ കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തിയെന്നും ശിവശങ്കർ ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.