കൊച്ചി: സ്വപ്നയുമായും കുടുംബവുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ട്. പിറന്നാൾ സൽക്കാരങ്ങളിൽ പല പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പല പ്രാവശ്യം കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. എന്നാൽ, സ്വർണക്കടത്ത് പിടികൂടിയ ശേഷമാണ് സ്വപ്നയ്ക്കും കൂട്ടാളികൾക്കും ഇതിൽ പങ്കുണ്ടെന്ന് അറിയുന്നത്. അതിനുശേഷം സ്വപ്നയെ വിളിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല.
തന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി 25 വർഷത്തിലധികം ബന്ധമുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മറ്റ് പണമിടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. കുറ്റപത്രത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കും വിധം വാട്ട്സ് ആപ്പ് സന്ദേശത്തെ സ്വർണ്ണക്കടത്തുമായി ഇ.ഡി ബന്ധിപ്പിച്ചിരിക്കുന്നു. താനും ചാർട്ടേഡ് അക്കൗണ്ടന്റും സ്വർണ്ണക്കടത്തിൽ പങ്കാളികളാണെന്ന് വരുത്തി തീർക്കാൻ മനഃപൂർവ്വം ശ്രമം നടക്കുന്നതായി ശിവശങ്കർ ആരോപിക്കുന്നു.
മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുളളതിനാലാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതെന്നും ശിവശങ്കർ പറയുന്നു. ഓരോ പ്രാവശ്യം ചോദ്യം ചെയ്യുമ്പോഴും മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകുന്നു. തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു.