Gold Smuggling Case| ഈ മാസം 23വരെ അറസ്റ്റ് പാടില്ല; എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
ഇഡി തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും എം ശിവശങ്കർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം, അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കി. ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇഡി തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും ഹർജിയിൽ പറയുന്നു.
advertisement
സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് എം ശിവശങ്കർ ഹർജിയിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ യുഎഇ കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തിയെന്നും ശിവശങ്കർ ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ശിവശങ്കർ ഹൈക്കോടതി അഭിഭാഷകൻ എസ്. രാജീവിനെ കണ്ടിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസിൽ ശിവശങ്കറിന്റെ ഇടപെടൽ എത്രത്തോളമുണ്ടെന്ന് വ്യക്തത വരുത്തേണ്ടതിനാൽ ഹാജരാകണമെന്ന് ശിവശങ്കറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരിക്കുന്നത്. താൻ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നില്ല എന്ന നിലപാടായിരുന്നു ശിവശങ്കർ ആദ്യം സ്വീകരിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2020 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case| ഈ മാസം 23വരെ അറസ്റ്റ് പാടില്ല; എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി