കെ.എസ്.& എസ്.എസ്.ആര്‍. റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ച് നിഷ ബാലകൃഷ്ണന് തദ്ദേശസ്വയംഭരണവകുപ്പില്‍ എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും. 2018 മാര്‍ച്ച് 31 ന് കാലാവധി അവസാനിച്ച എറണാകുളം ജില്ല എല്‍.ഡി.ക്ലര്‍ക്ക് പി.എസ്.സി.റാങ്ക് ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്ക് നഗരകാര്യ ഡയറക്ടറേറ്റില്‍ നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്ടപ്പെട്ടു എന്ന അപേക്ഷ പരിഗണിച്ചാണിത്. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സിനിയോറിറ്റിക്ക് അര്‍ഹത എന്ന് മന്ത്രിസഭ തീരുമാനിച്ചു.
advertisement
നിഷ ബാലകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു.
2018 മാർച്ച് 31ന് അവസാനിച്ച എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടയാളാണ് നിഷ. ഇവർക്ക് നിയമനം ലഭിക്കത്തക്കവിധം മാർച്ച് 28നു കൊച്ചി കോർപറേഷൻ ഓഫിസിൽനിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തു. എങ്കിലും അത് നഗരകാര്യ ഡയറക്ടർ ഓഫിസിൽനിന്ന് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തത് 31 രാത്രി 12നാണ്. ഇമെയിൽ പിഎസ്‌സിക്കു കിട്ടിയത് 4 സെക്കൻഡും കഴിഞ്ഞ്. പട്ടികയുടെ കാലാവധി അർധരാത്രി 12ന് അവസാനിച്ചെന്നു കാട്ടി പിഎസ്‌സി ജോലി നിഷേധിച്ചു.
35 വയസ്സ് കഴിഞ്ഞതിനാൽ പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാത്തതിനാലാണ് നിഷ മുഖ്യമന്ത്രിയെ സമീപിച്ചത്. മാർച്ച് 28ന് റിപ്പോർട്ട് ചെയ്ത ഒഴിവ് 31 അർധരാത്രിക്കു മുൻപ് പിഎസ്‌സിയെ അറിയിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.
തുടർന്ന് കാരണവും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാൻ നിയോഗിച്ച ഡോ.എ. ജയതിലകിന്റെ റിപ്പോർട്ടും നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരായതോടെയാണു നിയമനം ലഭിക്കാൻ വഴിയൊരുങ്ങിയത്. സംഭവത്തിൽ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് നഗരകാര്യ ഡയറക്ടർ നൽകിയ റിപ്പോർട്ട് നേരത്തേ സർക്കാർ തള്ളിയിരുന്നു.
ഇവർക്ക് നിയമനം നൽകുന്നതിനു സർവീസ് ചട്ടപ്രകാരം സർക്കാരിന്റെ അധികാരം പ്രയോഗിക്കാമെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെയും ട്രൈബ്യൂണലിന്റെയും മുൻ ഉത്തരവുകൾ തടസ്സമാകില്ലെന്നും ഹൈക്കോടതി വിശദീകരിച്ചിരുന്നു.
