കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. കെ. ശിവപ്രസാദിനെയും കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമാണ് ചാന്‍സലര്‍ കൂടിയായ ഗവർണർ താത്കാലികമായി നിയമിച്ചത്.
ഗവർണർ RSS അജണ്ട നടപ്പിലാക്കുന്നതിൽ നിന്ന് പിൻവാങ്ങണമെന്ന് വിധിക്കു ശേഷം മന്ത്രി ആർ ബിന്ദു.പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ ഗവർണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി.
സർക്കാർ കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയാണെന്ന് കോടതിവിധിയിലൂടെ തെളിഞ്ഞിരിക്കുന്നു.ചാൻസിലർ ആയ ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത് തെറ്റായ കാര്യമാണെന്ന് രണ്ട് കോടതി വിധികളിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
advertisement
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, വിപി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി ഗവര്‍ണ്ണര്‍ പാലിക്കണമെന്നും ആയിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
ഇതിനെതിരെ ഗവര്‍ണ്ണര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെയും താത്കാലിക വിസിമാരുടെ കാലാവധി മെയ് മാസം 28നാണ് അവസാനിച്ചത്.
അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെയാണ് ഇവരുവര്‍ക്കും തല്‍സ്ഥാനത്ത് തുടരാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. എന്നാല്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് ഡിവിഷന്‍ ബെഞ്ചിന്റെ വിലക്കുണ്ട്.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്നപ്പോഴായിരുന്നു ഈ നിയമനം. രണ്ട് സർവകലാശാലകളിലും പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ ഡോ. ശിവപ്രസാദിനെയും ഡോ. സിസ തോമസിനേയും നിയമിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വിസി നിയമനമെന്നും ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നുമാണ് സർക്കാർ വാദിച്ചത്.
2023 ഫെബ്രുവരിയിൽ ഡോ. സിസ തോമസ് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടിയെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു അന്ന് ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ നിലവിലെ ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
യുജിസി ചട്ടങ്ങൾ പ്രകാരം ചാൻസലർക്കാണ് വിസിമാരുടെ നിയമനാധികാരമെന്നും, യുജിസി ചട്ടങ്ങളിലെ വ്യവസ്ഥകൾ സംബന്ധിച്ച് തർക്കത്തിനു വ്യക്തത വരുത്തേണ്ടത് യുജിസിയാണെന്നും, എന്നാൽ യുജിസിയെ കേട്ടിട്ടില്ലെന്നുമുള്ള വാദങ്ങളാണ് ഗവർണർ മുന്നോട്ടു വച്ചത്. എന്നാൽ ഇത് തള്ളി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.