കേരളത്തിന്റെ പ്രതിനിധികളായി രാജ്യസഭയിൽ ഒൻപത് അംഗങ്ങളാണുള്ളത്. എ.കെ ആന്റണി, വയലാർ രവി, കെ.കെ. രാഗേഷ്, പി.വി.അബ്ദുൽ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ്, എളമരം കരീം, ശ്രേയാംസ് കുമാർ എന്നിവരാണ് നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ. ഇതിൽ എൽ.ഡി.എഫ് 6, യു.ഡി.എഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. വയലാർ രവി, കെ.കെ. രാഗേഷ്, പി.വി.അബ്ദുൽ വഹാബ് എന്നിവർ ഏപ്രിലിൽ കാലാവധി പൂർത്തിയാക്കും. ഈ നിയമസഭയുടെ കാലത്തു തന്നെ ഈ മൂന്ന് ഒഴിവുകൾ കൂടി നികത്തിയാൽ രണ്ട് സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് യുഡിഎഫിനും ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായാൽ അത് നിയമസഭയിലെ അംഗബലത്തെ ആശ്രയിച്ചിരിക്കും.
advertisement
Also Read ജോസ് കെ.മാണി എംപി സ്ഥാനം രാജിവച്ചു; നിയമസഭയിലേക്ക് മത്സരിക്കും
ഇടതു മുന്നണി പ്രവേശനത്തിനു പിന്നാലെയാണ് ജോസ് കെ. മാണി യു.ഡി.എഫിലായിരുന്നപ്പോൾ ലഭിച്ച രാജ്യസഭാ എം.പി സ്ഥാനം രാജിവയ്ക്കുന്നത്. നേരത്തെ പാർലമെന്റ് അംഗത്വം രാജിവച്ച ജോസിനെ കോൺഗ്രസ് തങ്ങളുടെ കൈവശമുണ്ടായിരുന്ന സീറ്റിലാണ് രാജ്യസഭയിലേക്ക് അയച്ചത്. ഇതിനു മുൻപ് സോഷ്യലിസ്റ്റ് ജനത നേതാവ് എം.പി വീരേന്ദ്രകുമാറിനും യു.ഡി.എഫ് രാജ്യസഭാ സീറ്റ് നൽകിയിരുന്നു. ഇദ്ദേഹവും ഇടതു മുന്നണിയിൽ ചേർന്നതിനു പിന്നാലെ ഈ സ്ഥാനം രാജിവച്ചു. ആ സീറ്റിലേക്ക് പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിക്കുകയും ചെയ്തു.
ധാർമികത മുൻ നിർത്തിയാണ് താൻ രാജ്യസഭാ അംഗത്വം രാജിവച്ചതെന്നാണ് ജോസ് കെ. മാണി പറയുന്നത്. അതേസമയം കോട്ടയം മണ്ഡലത്തിൽ നിന്നുള്ള എം.പി സ്ഥാനം രാജിവച്ച് ജോസ് കെ. മാണി രാജ്യസഭാംഗമായപ്പോൾ സി.പി.എം അന്ന് കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. കോട്ടയം മണ്ഡലത്തെ അനാഥമാക്കിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എമ്മിന്റെ പ്രതിഷേധം.