നിയമമന്ത്രി എകെ ബാലൻ, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ഥികളുമായി ഞായറാഴ്ച ചേംബറിൽ ചർച്ച നടത്തിയത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. ചർച്ചയ്ക്കു പിന്നാലെ സമരം അവസാനിപ്പിക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന്‍ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി ഉദ്യോഗാർത്ഥികൾ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
advertisement
അതേസമയം സി.പി.ഒ റാങ്കിലിസ്റ്റുലുള്ളവര്‍ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. സര്‍ക്കാരിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. രേഖാമൂലം ഉറപ്പ് കിട്ടിയാല്‍ സമരം നിര്‍ത്തുമെന്ന് സി.പിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. കഴിഞ്ഞതവണ നടന്ന ചർച്ചയിൽ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയിരുന്നു. കാലാവധി അവസാനിച്ച ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉന്നയിക്കുമെന്നും സി പി ഒ ഉദ്യോഗാർത്ഥികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്റെ നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. മെയ് 3 ന് സമരം പുനരാരംഭിക്കാനാണ് തീരുമാനം.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമര പന്തലിലാണ് രാഹുൽ ആദ്യം എത്തിയത്. എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരുമായും രാഹുൽ സംസാരിച്ചു. എല്ലാ സമരപന്തലും സന്ദർശിച്ച ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലിൽ രാഹുൽ എത്തിയത്.
അതിനു ശേഷം രാഹുൽ സെക്രട്ടേറിയറ്റ് നടയിൽ നിന്നും മടങ്ങി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ, മുതല്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.
ഇതിനിടെ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ പി.സി.ജോർജ് എംഎൽഎ അണിയിച്ച ഷാളുകൾ കത്തിച്ച് അദ്ദേഹത്തിനെതിരെ പ്രതിഷേധം. പി.സി.ജോർജിന്റെ വർഗീയ പ്രസ്താവനകളിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ കോലത്തിൽ ഷാൾ അണിയിച്ച് സമരപ്പന്തലിനു മുന്നിൽ കത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ഉദ്യോഗാർഥി സമരത്തെ പിന്തുണച്ചുള്ള യൂത്ത് കോൺഗ്രസ് നിരാഹാര പന്തലിൽ പി.സി.ജോർജ് എത്തിയത്. നിരാഹാരം അനുഷ്ഠിക്കുന്ന എൻ.എസ്.നുസൂർ, റിയാസ് മുക്കോളി എന്നിവരെ അദ്ദേഹം ഷാൾ അണിയിച്ചപ്പോൾ റിജിൽ മാക്കുറ്റി നിരസിച്ചിരുന്നു. പിണറായി വിജയനെയും ഡിവൈഎഫ്ഐയെയും വിമർശിച്ച് അദ്ദേഹം സമരപ്പന്തലിൽ പ്രസംഗിക്കുകയും ചെയ്തു.
യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതിനു പിന്നാലെ മുസ്‌ലിംലീഗിനും കോൺഗ്രസിനുമെതിരെ ഇന്നലെ ജോർജ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയതോടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.
സമരപ്പന്തലിൽ പിന്തുണയുമായി എത്തിയ ആൾ എന്ന നിലയിലാണ് ഷാൾ സ്വീകരിച്ചതെന്നും എന്നാൽ ആ മര്യാദ പോലും അദ്ദേഹം അർഹിക്കുന്നില്ലെന്നും റിയാസും നുസൂറും വ്യക്തമാക്കി. ജോർജ് ഇത്തരക്കാരനാണെന്ന് അറിയാവുന്നതുകൊണ്ടാണ് ഷാൾ സ്വീകരിക്കാത്തതെന്നും വിഷം തുപ്പുന്നയാളാണെന്നും റിജിലും വിമർശിച്ചു.