സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരപന്തലിൽ രാഹുൽ ഗാന്ധി; പരാതികൾ പങ്കുവച്ച് സമരക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരുമായും രാഹുൽ സംസാരിച്ചു. എല്ലാ സമരപന്തലും സന്ദർശിച്ച ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലിൽ രാഹുൽ എത്തിയത്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അപ്രതീക്ഷിതമായി സമരപ്പന്തലിലെത്തിയ രാഹുൽ അര മണിക്കൂറിലേറെ ഉദ്യോഗാർത്ഥികൾക്കൊപ്പം ചെലവഴിച്ചു. സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമര പന്തലിലാണ് രാഹുൽ ആദ്യം എത്തിയത്.
എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരുമായും രാഹുൽ സംസാരിച്ചു. എല്ലാ സമരപന്തലും സന്ദർശിച്ച ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലിൽ രാഹുൽ എത്തിയത്. അതിനു ശേഷം രാഹുൽ സെക്രട്ടേറിയറ്റ് നടയിൽ നിന്നും മടങ്ങി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ, മുതല്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.
ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിന്
advertisement
രാഹുൽഗാന്ധിയുടെ പൂർണ പിന്തുണയുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പി എസ് സി യുടെ വിശ്വാസ്യത കാക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്നും ഷാഫി പറഞ്ഞു.
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രാഹുൽ കടന്നാക്രമിച്ചിരുന്നു. സി.പി.എം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണം കടത്താമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്കെതിരായ കേസുകൾ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
advertisement
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഇഡിയുടെയും കസ്റ്റംസിന്റെയും സ്വർണക്കടത്തു കേസ് അന്വേഷണം ഇഴയുന്നതെന്താണെന്നു മനസിലാകുന്നില്ല. എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യത്തില്‍ തനിക്ക് ആശയകുഴപ്പമുണ്ടെന്നും രാഹുൽ പറഞ്ഞു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞത് ജനങ്ങൾക്കു വേണ്ടിയാണോ പാർട്ടിക്കുവേണ്ടിയാണോയെന്നു എൽഡി.എഫ് വ്യക്തമാക്കണം. ഇടതു പാർട്ടിയിലാണെങ്കിൽ മാത്രം ജോലി ലഭിക്കുകയും പാർട്ടി കൊടിപിടിച്ചാൽ സ്വർണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
എന്തുകൊണ്ടാണ് ഇവിടുത്തെ അഭ്യസ്ഥവിദ്യര്‍ക്ക് ജോലികിട്ടാത്തത്. നിങ്ങള്‍ ഇടതുപക്ഷത്താണെങ്കിൽ ജോലി ലഭിക്കുന്ന അവസ്ഥയാണ് കേരളത്തിൽ. സാധാരണക്കാരായ ചെറുപ്പക്കാർക്കു ജോലി വേണമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കേണ്ടി വരും. നിരാഹാരം കിടന്നാലും മുഖ്യമന്ത്രി ചർച്ച നടത്തില്ല. രാഹുൽ പറഞ്ഞു.
advertisement
ജനങ്ങൾക്ക് അടിസ്ഥാന വേതനമൊരുക്കുന്ന ന്യായ് പദ്ധതി പ്രകടന പത്രികയിൽ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാന സർക്കാരുനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ബിജെപി സര്‍ക്കാരിനെതിരെയും രാഹുല്‍ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
Also Read കേരളത്തില്‍ 2 കൊറോണ വൈറസ് വകഭേദം കണ്ടെത്തി; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
advertisement
ഇടതു സർക്കാരിനെ പോലെ ഒരു സർക്കാരും ഇത്രയും അഴിമതി നടത്തിയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്നു തെളിഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ വിലങ്ങുവയ്ക്കും. കടലിനെ വിൽക്കാൻ ശ്രമിച്ച സർക്കാരിനോട് കടലിന്റെ മക്കൾ ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2021 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരപന്തലിൽ രാഹുൽ ഗാന്ധി; പരാതികൾ പങ്കുവച്ച് സമരക്കാർ