പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം: മന്ത്രി എ.കെ ബാലൻ ഇന്ന് സമരക്കാരുമായി ചർച്ച നടത്തും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രാവിലെ പതിനൊന്നിന് മന്ത്രി എ.കെ ബാലന്റെ ചേംബറിലാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ആദ്യമായാണ് ഒരു മന്ത്രി നേരിട്ട് ഉദ്യോഗാർത്ഥികളുമായി ചര്‍ച്ച നടത്തുന്നത്.
തിരുവനന്തപുരം: പിഎസ്‍സി ഉദ്യോഗാർത്ഥികളുമായി മന്ത്രി എ.കെ ബാലൻ ഇന്ന് ചർച്ച നടത്തും. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ത്ഥികളുമായാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. രാവിലെ പതിനൊന്നിന് മന്ത്രി എ.കെ ബാലന്റെ ചേംബറിലാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ആദ്യമായാണ് ഒരു മന്ത്രി നേരിട്ട് ഉദ്യോഗാർത്ഥികളുമായി ചര്‍ച്ച നടത്തുന്നത്.
നിയമസഭാ തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിനുള്ളിൽ നിന്നു കൊണ്ട് ചെയ്യാനാകുന്ന കാര്യങ്ങൾ മന്ത്രി ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
നിയമനം സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നെങ്കിലും ഇന്നത്തെ മന്ത്രിതല ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ലയ രാജേഷ് പറഞ്ഞു.
advertisement
സമരം അവസാനിപ്പിക്കാൻ നേരത്തെ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ ഉദ്യോഗാർത്ഥികൾ മുന്നോട്ട് വെച്ച കാര്യങ്ങൾ മന്ത്രി പരിശോധിക്കും. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൽജിഎസ് റാങ്ക്
ഹോൾഡേഴ്സ് നടത്തുന്ന സമരം 33 ദിവസം പിന്നിട്ടിരിക്കുകയാണ്.
ചർച്ച ആവർത്തിക്കുന്നതിലപ്പുറം ഉചിതമായ തീരുമാനമാണ് ഞായറാഴ്ച പ്രതീക്ഷിക്കുന്നതെന്ന് എൽജിഎസ് ഉദ്യോഗാർത്ഥി ലയ രാജേഷ് പ്രതികരിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിൽ ആശങ്കയില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നും എൽജിഎസ് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
advertisement
You may also like: 'പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും': റിജില്‍ മാക്കുറ്റി
ചർച്ചയിൽ പ്രതീക്ഷയെന്ന് സി പി ഒ ഉദ്യോഗാർത്ഥികളും പറഞ്ഞു. കഴിഞ്ഞതവണ നടന്ന ചർച്ചയിൽ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണ നടക്കുന്ന മന്ത്രിതല ചർച്ചയിലും വൈരുദ്ധ്യം ചൂണ്ടിക്കാട്ടും. കാലാവധി അവസാനിച്ച ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉന്നയിക്കുമെന്നും സി പി ഒ ഉദ്യോഗാർത്ഥികൾ.
advertisement
അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്റെ നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. മെയ് 3 ന് സമരം പുനരാരംഭിക്കാനാണ് തീരുമാനം.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമര പന്തലിലാണ് രാഹുൽ ആദ്യം എത്തിയത്. എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരുമായും രാഹുൽ സംസാരിച്ചു. എല്ലാ സമരപന്തലും സന്ദർശിച്ച ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലിൽ രാഹുൽ എത്തിയത്.
advertisement
അതിനു ശേഷം രാഹുൽ സെക്രട്ടേറിയറ്റ് നടയിൽ നിന്നും മടങ്ങി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ, മുതല്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.
ഇതിനിടെ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ പി.സി.ജോർജ് എംഎൽഎ അണിയിച്ച ഷാളുകൾ കത്തിച്ച് അദ്ദേഹത്തിനെതിരെ പ്രതിഷേധം. പി.സി.ജോർജിന്റെ വർഗീയ പ്രസ്താവനകളിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ കോലത്തിൽ ഷാൾ അണിയിച്ച് സമരപ്പന്തലിനു മുന്നിൽ കത്തിച്ചത്.
advertisement
കഴിഞ്ഞ ദിവസമാണ് ഉദ്യോഗാർഥി സമരത്തെ പിന്തുണച്ചുള്ള യൂത്ത് കോൺഗ്രസ് നിരാഹാര പന്തലിൽ പി.സി.ജോർജ് എത്തിയത്. നിരാഹാരം അനുഷ്ഠിക്കുന്ന എൻ.എസ്.നുസൂർ, റിയാസ് മുക്കോളി എന്നിവരെ അദ്ദേഹം ഷാൾ അണിയിച്ചപ്പോൾ റിജിൽ മാക്കുറ്റി നിരസിച്ചിരുന്നു. പിണറായി വിജയനെയും ഡിവൈഎഫ്ഐയെയും വിമർശിച്ച് അദ്ദേഹം സമരപ്പന്തലിൽ പ്രസംഗിക്കുകയും ചെയ്തു.
യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതിനു പിന്നാലെ മുസ്‌ലിംലീഗിനും കോൺഗ്രസിനുമെതിരെ ഇന്നലെ ജോർജ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയതോടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.
സമരപ്പന്തലിൽ പിന്തുണയുമായി എത്തിയ ആൾ എന്ന നിലയിലാണ് ഷാൾ സ്വീകരിച്ചതെന്നും എന്നാൽ ആ മര്യാദ പോലും അദ്ദേഹം അർഹിക്കുന്നില്ലെന്നും റിയാസും നുസൂറും വ്യക്തമാക്കി. ജോർജ് ഇത്തരക്കാരനാണെന്ന് അറിയാവുന്നതുകൊണ്ടാണ് ഷാൾ സ്വീകരിക്കാത്തതെന്നും വിഷം തുപ്പുന്നയാളാണെന്നും റിജിലും വിമർശിച്ചു.
advertisement
അതിനിടെ 14 ദിവസമായി തുടരുന്ന നിരാഹാര സമരം തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇന്ന് അവസാനിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2021 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം: മന്ത്രി എ.കെ ബാലൻ ഇന്ന് സമരക്കാരുമായി ചർച്ച നടത്തും