പൊന്നാനി ലോക്കൽ കമ്മിറ്റിയിലെ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി.കെ. മഷ്ഹൂദ്, ലോക്കൽ കമ്മിറ്റിയംഗം എം. നവാസ്, എരമംഗലം ലോക്കൽ കമ്മിറ്റിയിലെ നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായ നവാസ് നാക്കോല, താഴത്തേൽപടി ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധൻ കുവ്വക്കാട്ട്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി. അശോകൻ, ബിജു കോതമുക്ക്, വെളിയങ്കോട് ലോക്കൽ കമ്മിറ്റിയിലെ പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം.എം. ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി.എം. റാഫി തുടങ്ങിയവരാണ് രാജികൈമാറിയത്. കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധ പ്രകടനത്തിന്റെ തുടർ ചലനങ്ങൾ പൊന്നാനിയിൽ ഒടുങ്ങുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നാണ് സൂചന.
advertisement
പ്രതിഷേധത്തെ അംഗീകരിക്കുന്നില്ലെന്ന് ടി എം സിദ്ദീഖും പ്രതികരിച്ചു. പാർട്ടി എന്താണോ പറയുന്നത് അത് അനുസരിക്കും. പ്രവർത്തകരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് ഉയർന്നു വന്ന പ്രതിഷേധമാണ് പൊന്നാനിയിൽ ഉണ്ടായത്. പാർട്ടി ഒരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പിന്നെ തർക്കം ഉണ്ടാവില്ല. പൊന്നായിൽ സി.പി.എം സ്ഥാനാർത്ഥി തന്നെ വിജയിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.
1991 ൽ സഖാവ് ഇമ്പിച്ചിബാവ എംഎൽഎ ആയതിനു ശേഷം മറ്റൊരു പൊന്നാനി സ്വദേശിയായ ഇടത് പക്ഷ എംഎൽഎ ഉണ്ടായിട്ടില്ല. പാലോളി മുഹമ്മദ്കുട്ടിയും പി ശ്രീരാമകൃഷ്ണനും ഒക്കെ തലയെടുപ്പുള്ള നേതാക്കന്മാരാണെങ്കിലും പൊന്നാനി സ്വദേശിയായ ഒരു എംഎൽഎ വേണമെന്ന നാട്ടുകാരുടെ ആഗ്രഹം ഇത് വരെ സാധിച്ചിട്ടില്ല. അത്കൊണ്ട് കൂടിയാണ് ഇത്തവണ പി ശ്രീരാമകൃഷ്ണൻ മാറുകയാണെങ്കിൽ ടി.എം സിദ്ദിഖിനെ പരിഗണിക്കണമെന്ന് പൊന്നാനിയിലെ പ്രദേശിക നേതൃത്വം ആവശ്യപ്പെടുന്നത്.
പ്രതിഷേധം എല്ലാം സ്ഥാനാർഥി പ്രഖ്യാപനം വരെ മാത്രമേ ഉണ്ടാകൂ എന്ന് പാർട്ടി നേതൃത്വം ആവർത്തിക്കുമ്പോഴും ഇത്തവണ സാഹചര്യങ്ങൾ എങ്ങനെയാകുമെന്നു പറയാൻ കഴിയില്ല. നടന്ന സംഭവങ്ങൾക്ക് ഹിന്ദു മുസ്ലീം നിറം നൽകി ഉള്ള പ്രചരണങ്ങൾ കൂടി വരാൻ തുടങ്ങിയതോടെ ഇനി സ്ഥാനാർത്ഥിയെ മാറ്റുകയെന്നത് സിപിഎമ്മിനും കടുത്ത പ്രതിസന്ധിയാണ്.
പൊന്നാനിയിൽ 10 വർഷം മുൻപും ഇത് പോലെ പാർട്ടി പ്രവർത്തകരുടെ ഒരു പ്രകടനം നടന്നിരുന്നു. അന്നത്തെ പൊന്നാനി എംഎൽഎ പാലോളി മുഹമ്മദ് കുട്ടിക്ക് പകരം പി ശ്രീരാമകൃഷ്ണൻ സ്ഥാനാർഥിയാകും എന്ന് അറിഞ്ഞപ്പോഴായിരുന്നു അത്. പക്ഷേ പാർട്ടി നിലപാടിൽ ഉറച്ച് നിന്നതോടെ അണികൾ അത് മനസിലാക്കി കൂടെ നിന്നു. രണ്ട് തവണയും പി ശ്രീരാമകൃഷ്ണൻ തന്നെ പൊന്നാനിയിൽ നിന്നും ജയിച്ചു. ഇപ്പോഴും അതുപോലെയാകും സാഹചര്യങ്ങളെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്.