ബിലീവേഴ്സ് ചർച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു. കെ.പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യോഹന്നാന്റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.
advertisement
അഞ്ച് വര്‍ഷത്തിനിടെ സഭയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വിദേശ സഹായം ലഭിച്ചതായി ആദായ നികുതി വകുപ്പിന് തെളിവ് ലഭിച്ചിട്ടുണ്ട്. പരിശോധനയിൽ 17 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചർച്ച് സ്ഥാപനത്തിലെ ജീവനക്കാരന്റെ കാറിന്റെ ഡിക്കിയിൽ നിന്നും വൻ തുക കണ്ടെത്തിയിരുന്നു.
ബിലീവേഴ്സ് ചർച്ചിൻ്റെ ഡൽഹിയിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു . വിദേശത്തുള്ള മറ്റാരുടെയെങ്കിലും പണം നാട്ടിലെത്തിക്കാൻ ബിലീവേഴ്സ് ചർച്ചിൻ്റെ ട്രസ്റ്റുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും ആദായനികുതിവകുപ്പ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി ചർച്ചിൻ്റെ നിക്ഷേപം റിയൽ എസ്റ്റേറ്റ് മേഖലകളിലേക്ക് മാറിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന.