തുറമുഖ വിരുദ്ധ സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത, മറ്റ് കത്തോലിക്കാ സഭാ തലവന്മാരെ തരൂരിനോടുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചതായാണ് വിവരം. തരൂരിന്റെ പിന്തുണ കൊണ്ടു കൂടി ഉള്ളതാണ് തുറമുഖ നിർമാണവുമായി സർക്കാർ മുന്നോട്ടു പോകുന്നതിന്റെ കാരണങ്ങളിലൊന്ന് എന്നും ലത്തീൻ അതിരൂപത ആരോപിച്ചു. വിഴിഞ്ഞം വിഷയവും പ്രതിഷേധ സമരവുമെല്ലാം ഞായറാഴ്ച നടക്കുന്ന കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
തീരദേശ സമൂഹത്തിനെതിരായ തരൂരിന്റെ നിലപാട്
advertisement
അടുത്തയാഴ്ച ചേരുന്ന മറ്റൊരു യോഗത്തിലും വിഴിഞ്ഞം വിഷയം ചർച്ചയാകും. വിഴിഞ്ഞത്ത് നടന്ന അക്രമസംഭവങ്ങളും സമരക്കാർക്കെതിരായ പോലീസ് നടപടിയും കണക്കിലെടുക്കുമ്പോൾ ഈ യോഗങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറലും സമര സമതിയുടെ ജനറൽ കൺവീനറുമായ ഫാ. യൂജിൻ എച്ച് പെരേര ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും തരൂരിനെ പിന്തുണച്ചവരാണ് തങ്ങളെന്നും എന്നാൽ തീരദേശ സമൂഹത്തിനെതിരായ നിലപാടാണ് എംപി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തരൂരിന്റെ നിലവിലെ നിലപാട് വിവിധ സഭാ തലവൻമാരെ അറിയിച്ചിട്ടുണ്ടെന്നും ഫാ. യൂജിൻ എച്ച് പെരേര പറഞ്ഞു. കഴിഞ്ഞയാഴ്ച നടത്തിയ മലബാർ പര്യടനത്തിനിടെ തരൂർ, സിറോ മലബാർ സഭാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, റോമൻ കത്തോലിക്കാ രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ, തലശ്ശേരി സിറോ മലബാർ കത്തോലിക്കാ രൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവരുൾപ്പെടെയുള്ള കത്തോലിക്കാ സഭാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോഴും തരൂർ തുറമുഖ നിർമാണത്തിനൊപ്പം നിന്നു. പദ്ധതിക്ക് അദ്ദേഹം ഉറച്ച പിന്തുണ പ്രഖ്യാപിച്ചതോടെ, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിൽ നിന്ന് കോൺഗ്രസും പിന്തിരിഞ്ഞെന്ന് ലത്തീൻ സഭ ആരോപിക്കുന്നു.
ഭാരത് ജോഡോ യാത്രക്കിടെ, തുറമുഖ നിർമാണത്തിനെതിരായ നിലപാട് സ്വീകരിക്കണണെന്നാവശ്യപ്പെട്ട് ഫാ. പെരേരയും പ്രതിഷേധ സമിതി അംഗങ്ങളും ഉൾപ്പെടെയുള്ളവർ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. അപ്പോഴും തടസം നിന്നത് തരൂരാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളോട് രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ അഭിപ്രായം തേടിയിരുന്നു. മൂവരും ലത്തീൻ സഭയെ പിന്തുണച്ചപ്പോൾ, തുറമുഖം യാഥാർത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്ന സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ വികാരങ്ങൾ കോൺഗ്രസ് അവഗണിക്കരുതെന്നാണ് തരൂർ പറഞ്ഞത്. എന്നിരുന്നാലും, മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു. സമരക്കാരിൽ ഒരാൾ രാഹുലിന്റെ സാന്നിധ്യത്തിൽ തരൂരിന്റെ സത്യസന്ധതയെ പോലും ചോദ്യം ചെയ്തിരുന്നു. ഇതിന് അദ്ദേഹം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഒരാൾ മുന്നറിയിപ്പു നൽകി.
തരൂരിന്റെ നിലപാടാണ് ഈ വിഷയത്തിൽ തീരുമാനം അറിയിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധിയെ തടഞ്ഞതെന്ന് മത്സ്യത്തൊഴിലാളി സമര സമിതി കരുതുന്നു. ഈ വിഷയത്തിൽ ഒരു സമവായത്തിലെത്തുകയും അക്കാര്യം അറിയിക്കണമെന്നും രാഹുൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.
