2018 ൽ എ എസ് കിരൺ കുമാർ ചെയർമാൻ സ്ഥാനത്തുനിന്ന് മാറിയ സമയം. അടുത്ത ചെയർമാനാകേണ്ടവരുടെ പട്ടികയിൽ 60 വയസ് കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും വന്നു. ചെയർമാൻ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശിവനാണ് നറുക്കുവീണത്. ചെയർമാനായ ശേഷവും ശിവൻ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം കൈവശം വച്ചു. തനിക്ക് ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ട് കണ്ട് ചോദിച്ചപ്പോൾ ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി. ഒടുവിൽ വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ. ബി എൻ സുരേഷ് ഇടപെട്ടതോടെയാണ് 6 മാസത്തിനുശേഷം തനിക്ക് വിഎസ്എസ്‌സി ഡയറക്ടറായി നിയമനം ലഭിച്ചതെന്ന് സോമനാഥ് ആത്മകഥയിൽ പറയുന്നു.
advertisement
Also Read- ശമ്പളം കുറവ്; ഐഐടി വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒയിൽ ചേരാൻ താത്പര്യം കുറവെന്ന് എസ് സോമനാഥ്
മൂന്നുവർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിന് പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചു. ”അടുത്ത ചെയർമാനെ തെരഞ്ഞെടുക്കാൻ സമയമായപ്പോൾ യു ആർ റാവു സ്പേസ് സെന്ററിന്റെ ഡയറക്ടറെ സ്പേസ് കമ്മീഷനിലേക്ക് കൊണ്ടുവന്നത് എനിക്ക് ചെയർമാൻ സ്ഥാനം കിട്ടില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്നാണ് തോന്നുന്നത്”- സോമനാഥ് എഴുതുന്നു.
Also Read- ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്ത വർഷം: ഐഎസ്ആർഒ മേധാവി എസ് സോമനാഥ്
ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ തന്നെ അകറ്റി നിർത്തിയെന്നും എസ് സോമനാഥ് പറയുന്നു. സോഫ്റ്റ്‌വെയറിലെ തകരാറാണ് ലാൻഡിങ് പരാജയപ്പെടാൻ കാരണമെന്ന സത്യം തുറന്നു പറയുന്നതിന് പകരം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയർമാൻ പ്രഖ്യാപിച്ചത്. അത് കൂടുതൽ വിഷമിപ്പിച്ചു.
കിരൺ കുമാർ ചെയർമാൻ ആയിരുന്ന കാലത്ത് ആരംഭിച്ച ചന്ദ്രയാൻ 2 പദ്ധതിയിൽ ശിവൻ പല മാറ്റങ്ങളും വരുത്തി. അമിതമായ പബ്ലിസിറ്റി ചന്ദ്രയാൻ 2 ന് വലിയ അപകടം ചെയ്തു. ചന്ദ്രയാൻ 2 ന്റെ പരാജയത്തിനു കാരണമായി അന്വേഷണ കമ്മിറ്റി കണ്ടെത്തിയത് 5 പ്രധാന കാരണങ്ങളാണ്. സോഫ്റ്റ്‌വെയറിലെ തകരാറും എഞ്ചിൻ ഇലക്ട്രോണിക്സിലുണ്ടായ അപാകതയും പ്രശ്നമായി. തെറ്റായ ആൽഗരിതം കാരണം എഞ്ചിൻ ത്രസ്റ്റ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ഉപഗ്രഹത്തിന് തിരിയാനുള്ള പ്രവണത കുറച്ചു വച്ചതും ഒരു പ്രത്യേക സ്ഥലത്തു തന്നെ ചെന്നിറങ്ങണമെന്ന് നിർദേശം നൽകിയതും അപകടമായി. പല അവശ്യ പരീക്ഷണങ്ങളും അന്നു ചെയ്തിരുന്നില്ല. ഈ കണ്ടെത്തലുകൾ ചന്ദ്രയാൻ 3 ന്റെ വിജയത്തിനു സഹായകമായെന്നും സോമനാഥ് എഴുതുന്നു.
കോഴിക്കോട് ലിപി ബുക്സ് പുറത്തിറക്കുന്ന ആത്മകഥയിൽ കുട്ടിക്കാല ജീവിതം മുതൽ ചന്ദ്രയാൻ 3 ദൗത്യം വരെയുള്ള ജീവിതമാണ് എസ് സോമനാഥ് പരാമർശിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ പിറന്ന് വേണ്ടത്ര മാർഗ്ഗ നിർദ്ദേശങ്ങളൊന്നും ലഭിക്കാതെ വിദ്യാഭ്യാസ കാലം മുഴുവൻ ദാരിദ്ര്യത്തിൽ കഴിഞ്ഞ ഒരു വ്യക്തി ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാൻ ആവുകയും വളരെ ദുർഘടമായ ചന്ദ്രന്റെ തെക്കേമുനമ്പിലേക്ക് ഇന്ത്യയുടെ ഉപഗ്രഹത്തെ സോഫ്റ്റ് ലാൻറ് ചെയ്യിപ്പിക്കുകയും അങ്ങനെ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്തത് എങ്ങനെയെന്ന പ്രചോദനാത്മകമായ കഥയാണ് 167 പേജുകൾ വരുന്ന ഈ പുസ്തകത്തിലുള്ളത്.