തൊടുപുഴ ന്യൂമാന്‍ കോളേജില്‍ 2010 മാര്‍ച്ച് 23 നടന്ന ബികോം ഇന്റേണല്‍ പരീക്ഷയാണ് പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ ജീവിത ഭാഗധേയം മാറ്റിമറിച്ചത്. ചോദ്യക്കടലാസില്‍ ചിഹ്നങ്ങള്‍ ചേര്‍ക്കുന്നതിനായി നല്‍കിയ ഭാഗങ്ങള്‍ വന്‍ വിവാദമായി വളര്‍ന്നു.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയിലെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ നിന്ന് ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. വിഷയമേറ്റെടുത്ത വിവിധ സംഘടനകള്‍ കോളേജിന് നേരെ പ്രതിഷേധമാരംഭിച്ചു. കൊളേജ് തള്ളിപ്പറഞ്ഞതോടെ പ്രൊഫസര്‍ ഒളിവില്‍ പോയി. ചോദ്യപേപ്പറില്‍ പോലീസ് മതനിന്ദ കുറ്റം ചുമത്തി സ്വമേധയ കേസ് എടുക്കുകയും, പ്രൊഫസറെ കിട്ടാഞ്ഞ് മകന്‍ മിഥുനെ ക്രൂരമായി പീഡിപ്പിയ്ക്കുകയും ചെയ്തു.
advertisement
കുടുംബത്തിനെതിരായ പീഡനങ്ങള്‍ വര്‍ദ്ധിച്ചതോടെ പോലീസിന് മുന്നില്‍ കീഴടങ്ങി പ്രൊഫസര്‍ ജയിലിലായി. ഇതിന് ശേഷം ജൂലൈ നാലിന് പള്ളിയില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് ഓമ്‌നി വാനിലെത്തിയ മതതീവ്രവാദസംഘം കോടാലികൊണ്ട് വലതുകൈ വെട്ടിമാറ്റിയത്. കൂടെയുണ്ടായിരുന്ന കന്യാസ്ത്രീയായ സഹോദരിയെയും സംഘം മര്‍ദ്ദിച്ചു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റ പ്രൊഫസര്‍ ദീര്‍ഘ നാളത്തെ ചികിത്സയ്ക്കുശേഷം മനസാന്നിദ്ധ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
കൈവെട്ടുകേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികളെ പോലീസ് പിടികൂടി. കേസ് പിന്നീട് എന്‍.ഐ.എയ്ക്ക് കൈമാറി. 2013 നവംബറില്‍ മതനിന്ദയുടെ പേരില്‍ പോലീസ് സ്വമേധയ എടുത്ത കേസ് കോടതി തള്ളി. കേസ് കോടതി തള്ളിയെങ്കിലും ജോലിയില്‍ തിരിച്ചെടുക്കാന്‍ സഭാ നേതൃത്വം തയ്യാറായില്ല. ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് മനസ്സിലായതോടെ പ്രൊഫസറും ഭാര്യ സലോമിയും മാനസികമായി ഏറെ തകര്‍ന്നു. അതുവരെ അചഞ്ചലയായി ഭര്‍ത്താവിനൊപ്പം നിന്ന ഭാര്യ സലോമിയെ കോളേജ് അധികൃതരുടെ തീരുമാനം തകര്‍ത്തുകളഞ്ഞു. 2014 മാര്‍ച്ച് 19 ന് കുളിമുറിയിലെ ടവല്‍ റാഡില്‍ തോര്‍ത്തുകുരുക്കി സലോമി ജീവനൊടുക്കി.
സലോമി മരിച്ചതോടെ പ്രൊഫ. ജോസഫിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാത്തതില്‍ സഭയ്ക്കെതിരെ ജനരോഷം ഉയര്‍ന്നു. ഇതോടെ പ്രതിരോധത്തിലായ സഭ ജോലിയില്‍ നിന്ന് വിരമിയ്ക്കാന്‍ അവസരമൊരുക്കാമെന്ന് അറിയിച്ചു. തുടര്‍ച്ചയായ രണ്ട് അവധി ദിവസങ്ങള്‍ക്കു മുമ്പിലുള്ള പ്രവൃത്തിദിനത്തില്‍ കോളേജിലെത്തിയെങ്കിലും മാനേജ്‌മെന്റ് കോളേജിന് അവധി നല്‍കിയതിനാല്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ പോലും പ്രൊഫസര്‍ക്ക് കഴിഞ്ഞില്ല.
പീഡാനുഭവ കാലത്തെ ഓര്‍മ്മകള്‍ വീണ്ടെടുത്ത് പ്രൊഫസര്‍ ടി.ജെ.ജോസഫ് എഴുതിയ അറ്റു പോകാത്ത ഓര്‍മ്മകളില്‍ തന്റെ കൈവെട്ടിയ തീവ്രവാദികളേക്കാള്‍ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ സഭയുടെ നടപടികളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
TRENDING:Nandigram And The Left | ബംഗാളിൽ ഇടതുരാഷ്ട്രീയം തിരിച്ചുവരുന്നു; നന്ദിഗ്രാം സാക്ഷി [NEWS]COVID 19| കര്‍ണാടകയില്‍ SSLC പരീക്ഷയെഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ്; സമ്പർക്കം പരിശോധിക്കുന്നു [NEWS]UN Sex Act in Tel Aviv | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
കൈവെട്ടുകേസില്‍ 33 പ്രതികള്‍ക്കെതിരെയാണ് വധശ്രമം, അന്യായമായി സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. ആദ്യ ഘട്ടത്തില്‍ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളെ നിലനിര്‍ത്തി അഞ്ചുപ്രതികളെക്കൂടി കേസില്‍ ഉള്‍പ്പെടുത്തി. കേസിലെ 10 പ്രതികള്‍ക്ക് കൊച്ചി എന്‍.ഐ.എ കോടതി എട്ടുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു.
