ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ വേദന അറിയണമെങ്കിൽ അൽപ്പം മനുഷ്യത്വം വേണമെന്നും ശൈലജ ടീച്ചർ പറഞ്ഞു. കീഴ്‌ക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുക തന്നെ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. ജീവിതത്തെ ധീരമായി അഭിമുഖീകരിക്കാൻ അതിജീവിതയ്ക്ക് പിന്തുണ നൽകുന്ന കുടുംബാംഗങ്ങളോടും സിനിമാ രംഗത്തെ ചില സുഹൃത്തുക്കളോടും സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും കെ.കെ. ശൈലജ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എടുത്തുപറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ വേദന അറിയണമെങ്കിൽ അല്പം മനുഷ്യത്വം വേണം. കോൺഗ്സ്സ്
നേതാവ് അടൂർ പ്രകാശിൻ്റെ പ്രസ്താവന അപലപനീയം
advertisement
സർക്കാർ അപ്പീൽ പോവുക തന്നെ ചെയ്യും
ജീവിതത്തെ ധീരമായി അഭിമുഖീകരിക്കാൻ ആ മകൾക്ക് പിന്തുണ നൽകുന്ന കുടുംബാംഗങ്ങളോടും സിനിമാ രംഗത്തെ ചില സുഹൃത്തുക്കളോടും സമൂഹം കടപ്പെട്ടിരിക്കുന്നു.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ട കോടതി നടപടിയോട് പ്രതികരിക്കവെയാണ് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് വിവാദ പ്രസ്താവന നടത്തിയത്. "ദിലീപിന് നീതി ലഭ്യമായി," എന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്. ആക്രമിക്കപ്പെട്ട കുട്ടിയോടൊപ്പമാണ് എന്ന് പറയുമ്പോഴും നീതി എല്ലാവർക്കും കിട്ടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാരിന് വേറെ ജോലിയില്ലാത്തതിനാലാണ് അപ്പീലിന് പോകുന്നതെന്നും അടൂർ പ്രകാശ് പരിഹാസത്തോടെ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് മുൻ മന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർ ശക്തമായി വിമർശിക്കാൻ കാരണമായത്.
ദിലീപിനെ പിന്തുണച്ച പ്രതികരണം വിവാദമായതിന് പിന്നാലെ ഇന്ന് ഉച്ചയോടെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിവാദ പ്രസ്താവനയിൽ മലക്കം മറഞ്ഞിരുന്നു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്‍റെ വിശദീകരണം. അപ്പീല്‍ പോയി അതിജീവിതകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോയെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
