പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ വിദ്യയുടെ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അടുത്തുള്ള വീട്ടിൽ നിന്നും താക്കോല്‍ വാങ്ങി അഗളി പൊലീസ് ഒന്നര മണിക്കൂറാണ് വീട്ടില്‍ പരിശോധന നടത്തിയത്. എന്നാല്‍ വ്യാജരേഖയുമായി ബന്ധപ്പെട്ട ഒന്നും പരിശോധനയില്‍ ലഭിച്ചില്ലെന്നാണ് സൂചന. വിദ്യ ഹോസ്റ്റലില്‍ ഒളിച്ചിരിക്കുകയാണെന്നും പൊലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും കെ എസ് യു ആരോപിക്കുന്നു.
advertisement
ജോലി നേടാൻ വ്യാജരേഖ ചമച്ച് അഭിമുഖത്തിന് ഹാജരാക്കിയെന്ന് പാലക്കാട് അട്ടപ്പാടി ഗവ. കോളേജ്, കാസർഗോഡ് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. 2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസ് കോളേജിലെ ഗസ്റ്റ് അധ്യാപികയായിരുന്നെന്ന വ്യാജ സർട്ടിഫിക്കറ്റാണ് വിദ്യ സമർപ്പിച്ചത്.
Also Read- ‘വിദ്യ എവിടെയെന്ന് സൂചനയില്ല; വ്യാജസർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ല’; അഗളി പൊലീസ്
അതേസമയം, വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം ലഭിച്ചതില്‍ കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിയാണ് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചാണോ വിദ്യയ്ക്ക് പ്രവേശനം നല്‍കിയതെന്ന് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവേശന രേഖകള്‍ സമിതി പരിശോധിക്കും.
Also Read- വിദ്യയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ എസ്എഫ്ഐയുടെ മുകളിൽ കെട്ടേണ്ട’ ; പി.എം ആര്‍ഷോ
മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ടില്‍ നിന്നും വിശദാംശങ്ങള്‍ തേടും. പിഎച്ച്ഡി പ്രവേശനത്തിന് സംവരണമില്ലെന്നായിരുന്നു അടാട്ടിന്റെ വാദം. എന്നാല്‍ പിഎച്ച്ഡിക്കു സംവരണം ബാധകമാണെന്ന് കാട്ടി 2016ല്‍ സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ പുറത്തുവന്നിരുന്നു.
‘പാർട്ടി’ അന്വേഷണ കമ്മീഷൻ
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എസ് സി – എസ് ടി സംവരണം അട്ടിമറിച്ച് വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിർദ്ദേശ പ്രകാരം കാലടി സർവകലാശാല വി സി പ്രഖ്യാപിച്ച അന്വേഷണ കമ്മീഷൻ ഫലത്തിൽ ‘പാർട്ടി’ അന്വേഷണ കമ്മീഷനായി. സർവകലാശാല സിൻഡിക്കേറ്റിൻ്റെ ലീഗൽ ഉപസമിതി വിദ്യയുടെ പിഎച്ച്ഡി പ്രവേശനം അന്വേഷിക്കുമെന്നാണ് വി സി ചില മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. സർവ്വകലാശാല ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല.
സി പി എമ്മിൻ്റെ ഒറ്റപ്പാലം എം എൽ എ അഡ്വ. കെ പ്രേംകുമാറാണ് സിൻഡിക്കേറ്റിൻ്റെ ലീഗൽ ഉപസമിതി കൺവീനർ. സി പി എമ്മിൻ്റെ കോളേജ് അധ്യാപകരുടെ സംഘടന നേതാവായിരുന്ന പ്രൊഫ. ഡി സലിംകുമാർ, സി പി ഐ നേതാവ് പ്രൊഫ. എസ് മോഹൻദാസ്, കാലടി സർവകലാശാലയിലെ സി പി എം അനുകൂല അധ്യാപക സംഘടന നേതാവ് ഡോ. സി എം മനോജ് കുമാർ, കാലിക്കറ്റ് സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടന നേതാവ് ഡോ. പി ശിവദാസൻ എന്നിവരാണ് ലീഗൽ ഉപസമിതിയിലെ അംഗങ്ങൾ.