രാമായണ കഥയെ ആസ്പദമാക്കിയുള്ള ചടങ്ങുകളാണ് അണ്ടലൂര്‍ കാവിലേത്. മേലേക്കാവ് അയോദ്ധ്യയായും തൊട്ടപ്പുറം വനസമാനം ഉള്ള പ്രദേശം താഴെക്കാവ് ലങ്കയെന്നുമാണ് സങ്കല്‍പം. പ്രധാന ദൈവമായ ദൈവത്താറീശ്വര ശ്രീരാമനായും അങ്കക്കാരന്‍ രാമ സഹോദരന്‍ ലക്ഷ്മണനായും ബപ്പൂരനെ ഹനുമാനായും വ്രതം നോറ്റ പുരുഷന്മാര്‍ വാനരപ്പടയായും ഇവിടെ സങ്കല്പിക്കപ്പെടുന്നു.
ഉച്ചവെയിലിനെ അവഗണിച്ച് ബാലി-സുഗ്രീവ യുദ്ധം കാണാന്‍ ക്ഷേത്രത്തിലെ ആല്‍മര ചുവട്ടില്‍ ക്ഷമയോടെ ഭക്തര്‍ കാത്തുന്നിന്നു. ഒരു മണിക്കൂറോളം നീണ്ട യുദ്ധത്തില്‍ ബപ്പൂരന്‍ മധ്യസ്ഥത വഹിക്കുന്നതോടെ യുദ്ധത്തിന് സമാപനമായി. ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം സന്ധ്യനേരത്ത് ദൈവത്താറീശ്വരന്‍ ഇറങ്ങും. ദൈവത്താര്‍ക്കൊപ്പം അങ്കക്കാരനും ബപ്പൂരനും...
advertisement
തിരുമുടിവച്ച് ആചാരവെടികളോടെ തറമ്മല്‍ നിന്നിറങ്ങി പ്രദക്ഷിണം നടത്തി ഭക്തരെ അനുഗ്രഹിച്ചു. ശ്രീകോവിലിന് മുന്‍പിലെത്തി അരിയെറിഞ്ഞ് ഗോപുരം വഴി താഴേക്കാവിലേക്ക് ആട്ടത്തിന് എഴുന്നള്ളി. സീതയെ വീണ്ടെടുക്കാന്‍ ലങ്കയില്‍ നടന്ന യുദ്ധത്തെ പ്രതിനിധീകരിക്കുന്ന ആട്ടങ്ങള്‍ കാണാന്‍ ആയിരങ്ങള്‍ തിങ്ങി നിറഞ്ഞു. ആട്ടത്തിന് ശേഷമുള്ള തിരിച്ചെഴുന്നള്ളത്തിനൊപ്പം കരിമരുന്ന് പ്രയോഗവും നടന്നു.
ഏഴുദിവസം നീണ്ടുനില്‍ക്കുന്ന തിറ ഉത്സവത്തിന് കുംഭം ഒന്ന് മുതലാണ് തുടക്കമായത്. ഒന്നിന് കാവില്‍കയറല്‍, രണ്ടാം തിയ്യതി ചക്കകൊത്തല്‍ എന്നീ ചടങ്ങുകളും മൂന്നാം തിയ്യതി മേലൂരില്‍ നിന്ന് കുടവരവും നടന്നതിന് പിന്നാലെയാണ് കെട്ടിയാട്ടങ്ങള്‍ നടക്കാറുള്ളത്. മലക്കാരി, പൊന്‍മകന്‍, പുതുചേകോന്‍, നാഗകണ്ഠന്‍, നാഗഭഗവതി, വേട്ടക്കൊരുമകന്‍, തൂവക്കാലി കോലങ്ങളും ക്ഷേത്ര സന്നിധിയില്‍ കെട്ടിയാടാറുണ്ട്. ഫെബ്രുവരി 19 വ്യാഴാഴ്ച വരെ കെട്ടിയാട്ടങ്ങള്‍ തുടരും. വെള്ളിയാഴ്ച രാവിലെ തിരുവാഭരണം അറയില്‍ സൂക്ഷിക്കുന്ന ചടങ്ങോടെ ആണ്ട് തിറ ഉത്സവം സമാപിക്കും.
