ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടത്തിവരുന്ന ആയുര്‍വേദ എക്‌സ്‌പോയില്‍ തിരക്കേറുകയാണ്. ഡോക്ടര്‍മാരുടെ സൗജന്യസേവനവും മരുന്നും എക്‌സ്‌പോയില്‍ ലഭ്യമാണ്. രാവിലെ 11 മുതല്‍ 9 വരെയാണ് പ്രവേശന സമയം. ഐ.ആര്‍.ഐ.എ., നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ് എന്നീ പവലിയനുകള്‍ എക്‌സിബിഷൻ്റെ മുഖ്യ ആകര്‍ഷണമാണ്. ആയുര്‍വേദ കോസ്മറ്റോളജി (സൗന്ദര്യ സംരക്ഷണ വിഭാഗം), ജീവിതശൈലി രോഗ ക്ലിനിക്, മര്‍മ അസ്ഥിരോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ജനറല്‍ വിഭാഗം തുടങ്ങിയ ഒപികളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ മരുന്നും ലഭ്യമാണ്. നാഷണല്‍ ആയുഷ് മിഷൻ്റെ പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാമുകളായ സുപ്രജ (ഗര്‍ഭിണി പരിചര്യം, പ്രസവരക്ഷ), കാരുണ്യ (ഗുരുതരരോഗങ്ങള്‍ക്കുള്ള സാന്ത്വന പരിചരണം), ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, അസ്ഥി രോഗ വിഭാഗം, ആയുര്‍വിദ്യ (സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം) തുടങ്ങിയവയുടെ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നു.
advertisement
പ്രത്യേകമായി സജീകരിച്ച യോഗ വിഭാഗവും സി.സി.ആര്‍.എസ്. ചെറുതുരുത്തി, വിവിധ ആയുര്‍വേദ കമ്പനികള്‍, ആയുര്‍വേദ കോളേജുകള്‍ എന്നിവയുടെ സ്റ്റാളുകളും സജ്ജമാണ്. കൂടാതെ പ്രകൃതിദത്ത ഉത്പന്നങ്ങളുടെ കമ്പനികളുടെ സ്റ്റാളുകളും ഉണ്ട്. ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും ഐ.പി.ആര്‍.ഡി. വികസന പ്രദര്‍ശനം, ഫയര്‍ ഫോഴ്‌സ്, വിമുക്തി സ്റ്റാളുകളുമുണ്ട്. ഫുഡ് കോര്‍ട്ട്, സ്പെഷാലിറ്റി ക്ലിനിക്കുകള്‍, ലൈവ് യോഗ സെഷനുകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും നടത്തിവരുന്നു. ആയുര്‍വേദത്തിലെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനം ഇന്ന് സമാപിക്കും.
