കാഴ്ചപരിമിതിയുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന 2025 ലെ സുപ്രീം കോടതിയുടെ വിധിവന്നതോടെയാണ് ഈ ഇരുപത്തിനാലുകാരിയില്‍ ന്യായാധിപതിയാകണമെന്ന ആഗ്രഹം ഉടലെടുത്തത്. ഭിന്നശേഷിക്കാര്‍ക്ക് ജുഡീഷ്യല്‍ സര്‍വീസില്‍ അവസരം നല്‍കുന്നതില്‍ വിവേചനമുണ്ടാകരുതെന്നായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിൻ്റെ വിധി. വിധിക്ക് പിന്നാലെ നടന്ന പരീക്ഷയിലാണ് തന്യയുടെ ഈ ചരിത്ര നേട്ടം. അഭിഭാഷകയായി എന്റോള്‍ ചെയ്ത തന്യ നിലവില്‍ തളിപ്പറമ്പ് ബാറിലെ കെ.ജി. സുനില്‍കുമാറിൻ്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുകയാണ്. ബ്രെയിൽ ലിപിയിലാണ് കോടതിയില്‍ വാദിക്കാനുള്ള കുറിപ്പുകള്‍ തന്യ തയ്യാറാക്കുന്നത്.
advertisement
കല്യാശ്ശേരി മാങ്ങാട്ടുകാരിയായ തന്യ ധര്‍മശാല മോഡല്‍ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലാണ് ഏഴാംതരംവരെ പഠിച്ചത്. പറശ്ശിനിക്കടവ് ഹൈസ്‌കൂള്‍, മൊറാഴ ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2024-ല്‍ എല്‍എല്‍.ബി. ഒന്നാംറാങ്ക് നേടി. മാങ്ങാട് ശ്രീഅദിത്രിയില്‍ പ്രവാസി ജഗന്നാഥൻ്റെയും ബബിതയുടെയും മകളാണ് തന്യ. താര സഹോദരിയാണ്.
