അന്നേ ദിവസം പോലീസ് എത്തിയത് പുസ്തകങ്ങള്‍ തീവച്ച് നശിപ്പിച്ചത് അന്വേഷിക്കാനായിരുന്നു. എന്നാല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വീണ്ടും ഈ സ്കൂളിലെത്തി. കുട്ടികള്‍ക്ക് സ്നേഹ സമ്മാനവുമായാണ് രണ്ടാം തവണ പൊലീസ് സംഘമെത്തിയത്.
ക്ലാസ് മുറിയിൽ സൂക്ഷിച്ച പാഠപുസ്‌തകങ്ങൾ, കഥാ പുസ്തകങ്ങൾ, ബോളുകൾ ഉൾപ്പെടെയുള്ള കളി വസ്‌തുക്കൾ, പരീക്ഷയുടെ മാതൃക ചോദ്യപ്പേപ്പർ, കുട്ടികൾ വരച്ച ചിത്രങ്ങൾ, 2 ബെഞ്ചുകൾ എന്നിവയാണ് സാമൂഹികവിരുദ്ധർ കത്തിനശിപ്പിച്ചിരുന്നത്. തങ്ങൾക്കിനി ചിത്രങ്ങൾ വരക്കാനാവില്ലെന്ന വിഷമമായിരുന്നു കുരുന്നുകൾക്ക്.
advertisement
അന്വേഷണത്തിന് എത്തിയ പോലീസിനെ അല്‍പ്പം പേടിയോടെയാണ് അന്ന് കുരുന്നുകള്‍ നോക്കിയത്. അതേ പൊലീസുകാര്‍ പുസ്തകങ്ങളും ക്രയോണുകളുമായി വീണ്ടും സ്കൂളിലെത്തി. ആദൂര്‍ പൊലീസ് കുട്ടികള്‍ക്ക് സ്നേഹ സമ്മാനം നൽകി. നഷ്ടപ്പെട്ടവയ്ക്ക് പകരം പുതിയവ കിട്ടിയപ്പോള്‍ കുരുന്നുകള്‍ക്ക് സന്തോഷം. പോലീസിനോടുള്ള പേടി പോയി..
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സ്കൂളിലെത്തിയ സാമൂഹ്യ വിരുദ്ധര്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ക്രയോണുകള്‍ കൊണ്ടുപോവുകയും ചെയ്തത്. പ്രതികളെ പിടിക്കാനുള്ള അന്വേഷണത്തിലാണ് ആദൂര്‍ പൊലീസ്.സാമൂഹികവിരുദ്ധർ ക്ലാസിൻ്റെ ജനാലയുടെ അഴികൾക്കുള്ളിലൂടെ അകത്തേക്കു തീ കത്തിച്ചിടുകയായിരുന്നുവെന്നു കരുതുന്നു. സ്‌കൂളിനു ചുറ്റുമതിൽ ഇല്ലാത്തതിനാൽ ആൾക്കാരുടെ ശ്രദ്ധയിൽപ്പെടാതെ തന്നെ അക്രമികൾക്ക് സ്‌കുളിലെത്താൻ കഴിയും. ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് സാമൂഹികവിരുദ്ധ ശല്യം തുടർക്കഥയാകുന്നത്.