ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ക്ഷേത്രം നിലനിന്നിരുന്ന 24 സെൻ്റ് സ്ഥലമാണ് നഷ്ടമായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നീലേശ്വരം പാലേരെക്കിഴിൽ വിഷ്ണുമൂർത്തീ ക്ഷേത്രം 2 കോടി രൂപ ചിലവിലാണ് പുനർ നിർമ്മാണം പൂർത്തിയാക്കിയത്.
സ്ഥലം വിട്ട് നൽകിയതിന് ദേശീയപാത അതോറിറ്റിയിൽ നിന്ന് ലഭിച്ച 80 ലക്ഷം രൂപയടക്കം ഉപയോഗിച്ച് കൊണ്ടാണ് ദേവീദേവൻമാരുടെ പുതിയ രണ്ട് പള്ളിയറകൾ ഒരു മണിക്കിണർ, കലശപ്പുര, മേൽപന്തൽ എന്നിവയുടെ നിർമ്മാണം നടത്തിയത്.
advertisement
തെയ്യാരാധനയും പൂരാഘോഷ ചടങ്ങുകളും നടക്കുന്ന ക്ഷേത്രത്തിൽ നരസിംഹമൂർത്തിയെ വിഷ്ണുമൂർത്തി തെയ്യക്കോലമായി ആരാധിക്കുന്നുവെന്നതാണ് സവിശേഷത.
പ്രദേശത്തെ 700 ൽ പരം കുടുംബങ്ങളിൽ നിന്നായി അയ്യായിരത്തോളം പേർ ക്ഷേത്രത്തിൻ്റെ ഭാഗമാണ്. ദേശീയപാത വികസന ഭാഗമായി പൊളിച്ച് മാറ്റിയ വിഷ്ണുമൂർത്തീ ക്ഷേത്രം ബാക്കിയുള്ള 50 സെൻ്റ് സ്ഥലത്ത് ഒന്നര വർഷം കൊണ്ട് പുനർനിർമ്മിച്ചതിൻ്റെ ആഹ്ലാദത്തിലാണ് ക്ഷേത്ര ഭാരവാഹികൾ.
ജൂലായ് 10 വരെ നടക്കുന്ന പുന പ്രതിഷ്ഠ ബ്രഹ്മകലശമഹോൽസവത്തിന് തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ജൂലായി 10 ന് രാവിലെ 7.52 ന് ദേവ പ്രതിഷ്ഠ നടക്കും.