നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയപാതയിലെ പള്ളിക്കര റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് ഒരുങ്ങി. ഈ മാസം അവസാന വാരം പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടും. 2018ലാണ് മേൽപ്പാല നിർമ്മാണം ആരംഭിച്ചത്.
എറണാകുളത്തെ ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് പാല നിർമ്മാണം ഏറ്റെടുത്തത്. 68 കോടിയോളം ചെലവിൽ 780 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലും നാലുവരിയായാണ് പാലം നിർമ്മിച്ചത്. ദേശീയ പാതയിൽ റെയിൽവേ ഗേറ്റുള്ള ഏക സ്ഥലം പള്ളിക്കരയാണ്. 29 ഓളം ട്രെയിനുകൾ ദിവസം പാളത്തിലൂടെ കടന്നു പോകുന്നുണ്ട്. മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ ഇവിടുത്തെ ഗതാഗത കുരുക്കിനും പരിഹാരമാകും.
advertisement
അതിഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് മംഗളൂരുവിലേക്കും കണ്ണൂരിലേക്കും പോകുന്ന ആംബുലൻസുകളടക്കം റെയില്‍വേ ഗേറ്റിന് മുന്നില്‍ നില്‍ക്കേണ്ടിവരുന്ന ഗതികേടിലായിരുന്നു.
ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ വാഹനങ്ങളുടെ നിര തെക്ക് കാര്യങ്കോട് പാലത്തോളവും വടക്ക് കരുവാച്ചേരി വരെയും നീണ്ടുപോകാറുണ്ട്.
കോവിഡ് കാലം, കനത്ത മഴ, സാങ്കേതിക അനുമതി തുടങ്ങിയവയെ അതിജീവിച്ചാണ് ഇപ്പോൾ പാല നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പാലത്തിന് മുകളിൽ ഇരുവശങ്ങളിലുമായി വിളക്കുകളും സ്ഥാപിച്ചു കഴിഞ്ഞു. വാഹനങ്ങൾ കടത്തിവിടുന്നതോടെ പള്ളിക്കര ലെവൽ ക്രോസും എന്നെന്നേക്കുമായി അടച്ചിടും.