സത്യപ്രതിജ്ഞാ ദിനത്തിൽ അംഗങ്ങൾ ഒപ്പിടുന്ന രണ്ട് രജിസ്റ്ററുകൾ വരാനിരിക്കുന്ന ഭരണകാലയളവിൽ ഏറെ നിർണായകമാണ്. അംഗമായി ചുമതലയേറ്റതിന്റെ ഔദ്യോഗിക രേഖയായ സത്യപ്രതിജ്ഞാ രജിസ്റ്ററിനൊപ്പം, താൻ ഏത് രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമാണെന്ന് വ്യക്തമാക്കുന്ന കക്ഷിബന്ധ രജിസ്റ്ററിലും അംഗങ്ങൾ ഒപ്പുവെക്കേണ്ടതുണ്ട്. സ്വതന്ത്രരായി വിജയിച്ചവർ ഈ രജിസ്റ്ററിൽ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്ക് പിന്തുണ രേഖപ്പെടുത്തിയാൽ പിന്നീട് ആ പാർട്ടിയുടെ വിപ്പ് പാലിക്കാൻ അവർ നിയമപരമായി ബാധ്യസ്ഥരാകും. വിപ്പ് ലംഘിക്കുന്നത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമാകും. 2020-ലെ തിരഞ്ഞെടുപ്പിന് ശേഷം ഇത്തരത്തിൽ 63 പേരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിട്ടുണ്ട് എന്നത് ഈ രജിസ്റ്ററിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
advertisement
ഓരോ തദ്ദേശ സ്ഥാപനത്തിലും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തിനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ജില്ലാ കളക്ടർമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ വരണാധികാരികളുമാണ് മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. തുടർന്ന് ഈ മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങുകൾ പൂർത്തിയാക്കി ആദ്യ ഭരണസമിതി യോഗവും ഇന്ന് തന്നെ ചേരും.
