വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്‌നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.
ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്ബും വീല്‍ച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയിലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. കൂടാതെ ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിച്ചിട്ടുണ്ട്. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആര്‍ഒമാരുടെ കീഴിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നുണ്ട്. സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദങ്ങളിലും ഇതേ രീതിയില്‍ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
കേരളത്തിന് പുറമെ കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബംഗാൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മൂന്നിടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് ഇന്ന് തെരഞ്ഞെടുപ്പ്.