‘പേരുന്തുനിലയത്തിലിരുന്ത് പുലനം പാർക്കിറിയാ?’ എന്ന് ആരെങ്കിലും തമിഴില്‍ ചോദിച്ചാല്‍ ഞെട്ടണ്ട. ‘ബസ് സ്റ്റാൻഡിലിരുന്ന് വാട്ട്സ് ആപ്പ് നോക്കുകയാണോ എന്നാണ് അതിന് അര്‍ത്ഥം. ഇതുപോലെ നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല വാക്കുകളുടെയും തമിഴ് പദങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ നിഘണ്ടു.
പത്ത് വയസുള്ളപ്പോള്‍ ചെറിയച്ഛൻ സമ്മാനിച്ച ഇംഗ്ളീഷ് – മലയാളം – തമിഴ് നിഘണ്ടുവാണ് വിജയലക്ഷ്‌മിയിൽ നിഘണ്ടുക്കളോടുള്ള കമ്പം ഉണ്ടാക്കിയത്. 2002 മുതൽ 2007 വരെ സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ ട്രാൻസ്‌ലേറ്ററായിരുന്നു. എൽ എൽ ബി പാസായെങ്കിലും തമിഴ് ഭാഷയോടുള്ള ഇഷ്ടം കാരണം 2007ൽ കോളേജ് അദ്ധ്യാപികയായി. തമിഴിനൊപ്പം മലയാളവും പ്രിയപ്പെട്ട ഭാഷയായി. കോളേജ് കുട്ടികൾക്കായി ഒരു തമിഴ് – മലയാളം നിഘണ്ടു തയ്യാറാക്കുന്നതിനായി 2015-ൽ കേരള സർവകലാശാലയ്‌ക്ക് പ്രോജക്ട് സമർപ്പിച്ച് അംഗീകാരം നേടി.
advertisement
Also Read- കണ്ണൂര് ബർത്താനം കേട്ടിറ്റ് തിരിഞ്ഞിട്ടില്ലെങ്കില് കീഞ്ഞ്പായണ്ട;നിഘണ്ടു തയാർ
എന്നാല്‍ 2017-ൽ രാഷ്ട്രീയ കാരണങ്ങളാൽ ഫണ്ട് നിലച്ചു. ഇതോടെ സഹായികളെ ഒഴിവാക്കി എഴുത്തും ഗവേഷണവും ഒറ്റയ്‌ക്ക് തുടര്‍ന്നു. വിജയലക്ഷ്മിയുടെ ബുദ്ധിമുട്ട് മനസിലാക്കിയ മലയാളം ലക്സിക്കണിലെ ഡോ. സുഭാഷ് സഹായിക്കാനെത്തി. നിലവിലെ കേരള സര്‍വകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മേൽ ചാർജെടുത്തതോടെ വീണ്ടും ഫണ്ട് അനുവദിച്ചു. നിഘണ്ടു തയ്യാറാക്കുന്നതിനായി സർവകലാശാല മൊത്തം11 ലക്ഷം രൂപയാണ് അനുവദിച്ചത്.
Also Read – Explained| ഭാഷാ സ്നേഹികൾക്ക് സന്തോഷിക്കാം; ശബ്ദതാരാവലി ഇനി വിരൽത്തുമ്പിൽ
പിന്നാലെ ആദ്യത്തെ തമിഴ് – മലയാളം നിഘണ്ടു കഴിഞ്ഞ ദിവസം രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. ഇത്രയും കഷ്ടപ്പെട്ടിട്ടും കമ്പ്യൂട്ടറിന് പകരം ലാപ്ടോപ്പ് വാങ്ങിയതിന്റെ താക്കീത് റെക്കോഡാണ് വിജയലക്ഷ്മിയുടെ സർവീസ് ബുക്കിലുള്ളത്. രാഷ്ട്രീയ വിയോജിപ്പുകൾ കൊണ്ടുള്ള മറ്റ് പ്രതിസന്ധികളും ഗവേഷണത്തിന് വിലങ്ങുതടിയായി.
ഭർത്താവ് ശ്യാംകുമാർ സെക്രട്ടേറിയറ്റിലെ നിയമവകുപ്പ് ഉദ്യോഗസ്ഥനാണ്. മൂത്തമകൻ പ്രണവ് നന്ദൻ അവസാന വർഷ ബിരുദ വിദ്യാർത്ഥി. ഇളയ മകൻ ഗൗതം നന്ദൻ സർവോദയയിൽ പ്ലസ് ടു വിദ്യാർത്ഥി. ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് വഴി ഓഗസ്റ്റിൽ അമേരിക്കയിൽ വിസിറ്റിംഗ് പ്രൊഫസറായി പോകാനുള്ള തയാറെടുപ്പിലാണ് ഡോ. ടി വിജയലക്ഷ്‌മി ഇപ്പോൾ. വരും തലമുറകൾക്ക് പഠിക്കാൻ ഈ നിഘണ്ടു സര്‍വകലാശാല കൈമാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിജയലക്ഷ്‌മി പറഞ്ഞു.