കണ്ണൂര് ബർത്താനം കേട്ടിറ്റ് തിരിഞ്ഞിട്ടില്ലെങ്കില് കീഞ്ഞ്പായണ്ട;നിഘണ്ടു തയാർ
- Published by:Arun krishna
- news18-malayalam
Last Updated:
കണ്ണൂരിന്റെ ഗ്രാമാന്തരങ്ങളിൽ വ്യത്യസ്ത മത,സാമൂഹിക ജീവിത ശൈലികളുടെ വകഭേദങ്ങളായി ഉപയോഗിക്കുന്ന നാട്ടുഭാഷകളെ 12 വർഷത്തെ പരിശ്രമത്തിലൂടെയാണ് ഇവർ 121 പേജുകളുള്ള നാട്ടു നിഘണ്ടുവിലേക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നത്
കണ്ണൂര് ബർത്താനം കേട്ടിറ്റ് ഒന്നും തിരിഞ്ഞിട്ടില്ലെങ്കില് കീഞ്ഞ്പായണ്ട …..ചൊറ തീർക്കാൻ ഒര് ബുക്കെറങ്ങീറ്റ്ണ്ട്…. ഉയ്യന്റപ്പാ.. അടിപൊളി ബുക്കന്നെ.
(കണ്ണൂര് ഭാഷ കേട്ട് ഒന്നും മനസ്സിലായില്ലെങ്കിൽ ഇറങ്ങി ഓടണ്ടാ..ഈ ബുദ്ധിമുട്ട് അവസാനിപ്പിക്കാൻ ഒരു പുസ്തകം വന്നിട്ടുണ്ട്. നല്ല അടിപൊളി പുസ്തകമാണ് ).
കണ്ണൂരുകാർ രാഷ്ട്രീയ കേരളത്തിലെ ഏറ്റവും കരുത്തരായതിനാൽ മലയാളികൾ ഉള്ളിടത്തെല്ലാം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കണ്ണൂരിന്റെ ഭാഷാഭേദം. സംസ്ഥാനത്തെ എല്ലാ പ്രമുഖ പാർട്ടികളുടെയും ‘പ്രമുഖരുടെ’ വ്യവഹാര ഭാഷ ആയതിനാൽ ചിലപ്പോഴെങ്കിലും ഇത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും പാർട്ടികളിലെ മറ്റു സഹപ്രവർത്തകർക്കും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. ഇതിന് പുറമെയാണ് കണ്ണൂരെത്തുന്ന സാധാരണക്കാരുടെ അവസ്ഥ.
advertisement
ഇതിനു പരിഹാരമായാണ് തളിപ്പറമ്പ് സർ സയിദ് കോളജ് ഹിന്ദി വിഭാഗം തലവൻ ഡോ.വി.ടി.വി.മോഹനനും മലപ്പുറം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല അസി.പ്രഫസർ ഡോ.സ്മിത കെ.നായരും ചേർന്ന് കണ്ണൂർ ഭാഷാഭേദ നിഘണ്ടു രചിച്ചത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കണ്ണൂര്‍ ഭാഷാഭേദ നിഘണ്ടു പ്രസിദ്ധീകരിച്ചത്. പയ്യന്നൂർ പിലാത്തറ സെന്റ് ജോസഫ് കോളെജില്‍ കഥാകൃത്ത് ടി. പദ്മനാഭന്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല ഭാഷാവൈവിധ്യപഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എ.എം. ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി.
advertisement
കണ്ണൂരിന്റെ ഗ്രാമാന്തരങ്ങളിൽ വ്യത്യസ്ത മത,സാമൂഹിക ജീവിത ശൈലികളുടെ വകഭേദങ്ങളായി ഉപയോഗിക്കുന്ന നാട്ടുഭാഷകളെ 12 വർഷത്തെ പരിശ്രമത്തിലൂടെയാണ് ഇവർ 121 പേജുകളുള്ള നാട്ടു നിഘണ്ടുവിലേക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിഘണ്ടുവിൽ നാടൻ വാക്കുകളുടെ അർഥം മാത്രമല്ല. അവയുടെ വ്യാകരണവും ഉദാഹരണ സഹിതമുള്ള വിവരണവുമടക്കമാണ് അവതരിപ്പിച്ചിരിക്കുന്നത്.
12 വർഷം മുൻപ് മോഹനൻ ഒരു ചായക്കടയിൽ ചെന്നപ്പോൾ കടക്കാരൻ പറഞ്ഞത് ചായക്ക് കടി(പലഹാരം)യായി കാലിമുട്ടയുണ്ടെന്നാണു . നാടൻ ഭാഷയിൽ കാലി എന്നാൽ കന്നുകാലി എന്നാണെന്ന് അറിയാവുന്ന മോഹനന് കാലിമുട്ട എന്തെന്ന് ചിന്തിച്ച് ചെറിയ ആശങ്ക തുടങ്ങി. ഉടൻ തന്നെ മസാലയും മുളകും പുരട്ടാത്ത പുഴുങ്ങിയ വെളുത്ത കോഴിമുട്ട കടക്കാരൻ നൽകിയതോടെ ആ ആശങ്ക അവസാനിച്ചു. കാലിയായ എന്നാൽ – ഒന്നും ചേർക്കാത്ത എന്ന അർഥം മനസിലായി. തുടർന്നാണ് ഭാഷാഭേദ നിഘണ്ടുവിനെക്കുറിച്ച് പിലാത്തറ സ്വദേശിയായ മോഹനൻ ചിന്തിച്ചു തുടങ്ങിയത്. മൈസൂരു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വിജസിൽ സഹപ്രവർത്തകയായിരുന്ന തിരുവനന്തപുരം സ്വദേശിനി സ്മിത കെ.നായരും അദ്ദേഹത്തോടൊപ്പം ചേർന്നതോടെ പുസ്തകം യാഥാർഥ്യമായി.
advertisement
എന്യാറ്റോ എന്നു പറഞ്ഞാൽ ‘ഇനി മേലിൽ’ എന്നാണെന്നു കണ്ണൂരുകാർക്ക് മാത്രം അറിയുന്ന കാര്യമാണ്. കത്തിയണക്കണമെന്നും മൗവെടുത്ത് ബെറ് കീറിയെന്നും പറഞ്ഞാൽ കത്തിക്ക് മൂർച്ച കൂട്ടണമെന്നും മഴു എടുത്ത് വിറകു കീറിയെന്നുമാണ് അർഥമെന്നും കണ്ണൂരിന് പുറത്തുള്ളവർക്കു മനസ്സിലാകണമെന്നില്ല. മാണ്ടൂച്ചി, കുപ്പായി, പച്ചപ്പറങ്കി, മൊളീശൻ, ബിളിമ്പി, പൃക്ക്, നന്ന ബെയ്ദു എന്നൊക്കെ കേട്ടാൽ ഇതും മലയാളമാണോ എന്ന് മറ്റുള്ളവർ ചിന്തിക്കുന്ന അവസ്ഥയാണ്.
advertisement
ഇവ നിഘണ്ടുവിന്റെ പരിഷ്ക്കരിച്ച പതിപ്പിൽ ഇറക്കുവാനാണ് ഉദ്ദേശം. മോഹനന് ഹിന്ദിയിലേക്കുള്ള വിവർത്തനത്തിനു ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗമായ ഡോ.സ്മിതയും ഒട്ടേറെ ഭാഷാ സംബന്ധമായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്‍ അധ്യക്ഷം വഹിച്ച ചടങ്ങിൽ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ മുഖ്യാതിഥിയായി.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസി. ഡയറക്ടര്‍ ചുമതല വഹിക്കുന്ന എന്‍. ജയകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി.
advertisement
പിലാത്തറ സുഹൃദ് സംഘം, പിലാത്തറ.കോം എന്നിവ സംഘടിപ്പിച്ച പരിപാടിയില്‍ തളിപ്പറമ്പ് സര്‍ സയ്യദ് കോളെജ് പ്രിന്‍സിപ്പള്‍ ഡോ. ഇസ്മായില്‍ ഓലായിക്കര, പിലാത്തറ സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പള്‍ ഡോ. കെ.സി. മുരളീധരന്‍, പയ്യന്നൂര്‍ കോളെജ് മലയാളവിഭാഗം അസി. പ്രൊഫസറും എഴുത്തുകാരനുമായ ഡോ. പദ്മനാഭന്‍ കാവുമ്പായി, പുസ്തകത്തിന്റെ എഡിറ്ററും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പി.ആര്‍.ഒ യുമായ റാഫി പൂക്കോം, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രദീപ് മണ്ടൂര്‍, ഷനില്‍, ഗ്രന്ഥകർത്താക്കൾ എന്നിവര്‍ സംസാരിച്ചു. പി.ടി.മനോജ് സ്വാഗതവും സി. ശശി നന്ദിയും പറഞ്ഞു.
advertisement
125 രൂപയാണ് പുസ്തകത്തിന്റെ വില. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് പ്ലാസ ജങ്ങ്ഷനിലെ പുസ്തകശാല, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം സ്റ്റാച്യു, നളന്ദ ആസ്ഥാന പുസ്തകശാല എന്നിവിടങ്ങളില്‍ പുസ്തകം ലഭിക്കും. ഫോണ്‍: 0471-2317238, 2316306.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
March 12, 2023 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂര് ബർത്താനം കേട്ടിറ്റ് തിരിഞ്ഞിട്ടില്ലെങ്കില് കീഞ്ഞ്പായണ്ട;നിഘണ്ടു തയാർ