Explained| ഭാഷാ സ്നേഹികൾക്ക് സന്തോഷിക്കാം; ശബ്ദതാരാവലി ഇനി വിരൽത്തുമ്പിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ചുവർഷം നീണ്ട കഠിനപ്രയത്നങ്ങൾക്കൊടുവിലാണ് നിഘണ്ടുവിന്റെ ഡിജിറ്റൽ പതിപ്പിറങ്ങുന്നത്.
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള രചിച്ച മലയാളഭാഷയുടെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലി ഇനി വിരൽത്തുമ്പിൽ ലഭിക്കും. രണ്ടായിരത്തിലധികം പേജുകളുള്ള ശബ്ദതാരാവലിയുടെ വെബ്‌സൈറ്റ് പ്രവർത്തനസജ്ജമായി. മലയാളഭാഷാ നിഘണ്ടുക്കളിൽ ഏറ്റവും ആധികാരികമെന്ന അംഗീകാരം ലഭിച്ചിട്ടുള്ള ശബ്ദതാരാവലി വാക്കുകളുടെ അർത്ഥാന്വേഷണത്തിലെ അവസാനവാക്കാണ്. ശബ്ദതാരാവലിയുടെ ആദ്യഭാഗം പൂർത്തിയാക്കാൻ പത്മനാഭപിള്ള 20 വർഷമാണ് പരിശ്രമിച്ചത്. അഞ്ചുവർഷം നീണ്ട കഠിനപ്രയത്നങ്ങൾക്കൊടുവിലാണ് നിഘണ്ടുവിന്റെ ഡിജിറ്റൽ പതിപ്പിറങ്ങുന്നത്.
സി വി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സായാഹ്ന ഫൗണ്ടേഷ’നാണ് സംരംഭത്തിനുപിന്നിൽ പ്രവർത്തിച്ചത്. മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് രൂപവത്കരിച്ച കൂട്ടായ്മയാണ് സായാഹ്ന. കൃതികളുടെ ഡിജിറ്റൽ രൂപങ്ങളൊരുക്കുന്ന ആഗോളകൂട്ടായ്മയാണിത്. ഡിജിറ്റൽ പതിപ്പിനൊപ്പം മൂലഗ്രന്ഥത്തിന്റെ സ്കാൻ ചെയ്ത പി ഡി എഫ് പേജുകളും ലഭ്യമാണ്. ‘ലെക്‌സോണമി’ സെർവറിലും ശബ്ദതാരാവലി ലഭ്യമാക്കിയിട്ടുണ്ട്.
2015ൽ ശബ്ദതാരാവലിയുടെ മൂലഗ്രന്ഥം ബെംഗളൂരുവിലെ സെമിനാരിയിൽ കണ്ടെത്തിയതോടെയാണ് ഡിജിറ്റൽ പതിപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. മുഴുവൻ പേജുകളും സ്കാൻ ചെയ്ത് ലഭ്യമാക്കിയത് ഷിജു അലക്സ്, വിശ്വപ്രഭ, ബൈജു രാമകൃഷ്ണൻ, ബെഞ്ചമിൻ വർഗീസ്, വി എസ് സുനിൽ എന്നിവരാണ്. പിന്നീട് ഇത് യൂണികോഡ് വ്യവസ്ഥയിലാക്കാനുള്ള പണി തുടങ്ങി. മലയൻകീഴിലെ റിവർവാലി ടെക്‌നോളജി ജീവനക്കാർക്കുപുറമേ കെ.എ. അഭിജിത്, മനോജ് കരിങ്ങാമഠത്തിൽ, ശ്രീലത പിള്ള തുടങ്ങിയവരാണ് ഈ സംരംഭത്തിന് തുണയായത്.
advertisement
തെറ്റുതിരുത്തൽ ഘട്ടത്തിലാണ് ഏറെ അധ്വാനിക്കേണ്ടിവന്നതെന്ന് സി വി രാധാകൃഷ്ണൻ പറഞ്ഞു. കാലടി ശങ്കരാചാര്യ സർവകലാശാല ഭാഷാധ്യാപിക പ്രൊഫ. ലിസി മാത്യുവിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയ ഭാഷാസ്നേഹികളുടെ പ്രവർത്തനം ഈ ഘട്ടം സുഗമമായി മറികടക്കാൻ സഹായകമായി. നടൻ മമ്മൂട്ടിമുതൽ വിവിധ രാജ്യങ്ങളിലെ പ്രൊഫഷണലുകളും വീട്ടമ്മമാരും ഗവേഷകരും വിദ്യാർഥികളും ഈ ഘട്ടത്തിൽ ആവേശത്തോടെ പങ്കുകൊണ്ടു. https://stv.sayahna.org എന്ന ലിങ്കുവഴി ശബ്ദതാരാവലിയുടെ ഡിജിറ്റൽപതിപ്പിൽ പ്രവേശിക്കാം.
advertisement
1917 നവംബര്‍ 13 നാണ് ശബ്ദതാരാവലിയുടെ പ്രഥമ സഞ്ചിക പുറത്തുവന്നത്. മലയാളത്തിലെ ആദ്യത്തെ ശബ്ദകോശത്തിന്റെ രചയിതാവായ ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ളയ്ക്ക് കേരള സാഹിത്യചരിത്രത്തില്‍ സമുന്നതമായ സ്ഥാനമാണുള്ളത്. 1895ലാണ് ശബ്ദതാരാവലിയുടെ നിര്‍മാണം ആരംഭിച്ചത്. പുരാണങ്ങളും വൈദ്യമന്ത്ര തന്ത്രാദി ഗ്രന്ഥങ്ങളും വ്യാഖ്യാന ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പത്ര മാസികകളും മറ്റും വായിച്ച് കുറിപ്പുകളെടുത്തും പ്രഗല്ഭരുടെ പ്രസംഗങ്ങള്‍ കേട്ടും രണ്ടുവര്‍ഷംകൊണ്ടാണ് ഒരു അകാരാദി തയാറാക്കാന്‍ സാധിച്ചത്. ഇങ്ങനെ പോയാല്‍ നിഘണ്ടു പൂര്‍ണരൂപത്തിലെത്താന്‍ കുറേ വര്‍ഷമാകുമെന്ന് മനസ്സിലായപ്പോള്‍ അതുവരെ സംഭരിച്ച് ക്രോഡീകരിച്ചു വെച്ചിരുന്ന പദങ്ങള്‍ ചേര്‍ത്ത് കീശാനിഘണ്ടു എന്ന പേരില്‍ ഒരു ചെറിയ നിഘണ്ടു തയ്യാറാക്കി. അത് പുറത്തിറങ്ങിയപ്പോള്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. അച്ചടിച്ച ആയിരം കോപ്പികളും വേഗത്തില്‍ വിറ്റുതീര്‍ന്നു. അത് അദ്ദേഹത്തിന് വലിയ പ്രചോദനമായിത്തീരുകയും അതോടെ പൂര്‍വാധികം ഉത്സാഹത്തോടെ നിഘണ്ടുനിര്‍മാണത്തില്‍ വ്യാപൃതനാവുകയും ചെയ്തു.
advertisement
Also Read- Explained| മാർച്ച് 15,16 തീയതികളിൽ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ സമരം സേവനങ്ങളെ ബാധിക്കുമോ
1917 നവംബര്‍ 13-ന് പുറത്തുവന്ന ശബ്ദതാരാവലിയുടെ പ്രഥമസഞ്ചികകണ്ട് പത്രങ്ങളും മാസികകളും സാഹിത്യകാരന്മാരും പത്മനാഭപിള്ളയെ മുക്തകണ്ഠം പ്രശംസിച്ചു. മലയാളത്തില്‍ വളരെ മുമ്പുതന്നെ നിറവേറ്റപ്പെടേണ്ടിയിരുന്ന ഒരാവശ്യമായിരുന്നു ഇതെന്ന് എല്ലാവരും സമ്മതിച്ചു. 1923 മാര്‍ച്ച് 16-നാണ് 1600 പേജുള്ള ശബ്ദതാരാവലിയുടെ ഒന്നാംപതിപ്പിന്റെ മുദ്രണം പൂര്‍ത്തിയായത്. 32 വയസ്സുള്ള ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ളയാണ് ശബ്ദതാരാവലിയുടെ നിര്‍മാണം തുടങ്ങിയത്. 58 വയസ്സുതികഞ്ഞ അദ്ദേഹം അത് കൈരളിക്ക് സമര്‍പ്പിച്ചു.
advertisement
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ ഒരു വീരശൃംഖലയും കൊച്ചി മഹാരാജാവ് ഒരു ജോഡി കവണിയും അദ്ദേഹത്തിന് സമ്മാനിച്ചു. രണ്ട് ഗവണ്‍മെന്റും 40 കോപ്പിവീതം വാങ്ങുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം സമസ്ത സാഹിത്യപരിഷത്ത് ഒരു സ്വര്‍ണമെഡലും സമ്മാനിച്ചു.
1931-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ടാംപതിപ്പില്‍ ഒന്നാംപതിപ്പിനേക്കാള്‍ അനവധി വാക്കുകളും വിവരണങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. 1939-ല്‍ മൂന്നാംപതിപ്പിനോടൊപ്പം എണ്ണായിരത്തോളം പദങ്ങള്‍ ഉള്‍പ്പെടുത്തി ഒരു അനുബന്ധവും പ്രസിദ്ധപ്പെടുത്തി. 1931-ല്‍ മലയാളഭാഷയിലുള്ള ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരന്മാരെയും കുറിച്ച് സാഹിത്യാഭരണം എന്ന പേരില്‍ ഒരു വിജ്ഞാനകോശവും ശബ്ദചന്ദ്രിക എന്നൊരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും അദ്ദേഹം രചിച്ച് ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. പക്ഷേ, അവ രണ്ടും പൂര്‍ത്തിയാകുന്നതിനു മുമ്പ് അനാരോഗ്യംമൂലം ശയ്യാവലംബിയായ അദ്ദേഹം 1946 മാര്‍ച്ച് 4-ന് അന്തരിച്ചു. എണ്‍പത്തിരണ്ടാം വയസ്സില്‍ അന്ത്യശ്വാസം വലിക്കുന്നതുവരെ അദ്ദേഹം സാഹിതീസേവനം നടത്തി. എഴുപതോളം കൃതികള്‍ രചിച്ചു. അവയില്‍ ഭൂരിഭാഗവും രചിച്ചത് ശബ്ദതാരാവലീനിര്‍മാണത്തിനിടയിലാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 13, 2021 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| ഭാഷാ സ്നേഹികൾക്ക് സന്തോഷിക്കാം; ശബ്ദതാരാവലി ഇനി വിരൽത്തുമ്പിൽ