ചടങ്ങ് എം. നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡൻ്റ് പി. രാജേന്ദ്രന്‍ അധ്യക്ഷനായി. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു കോണ്‍ക്ലേവിൻ്റെ രൂപരേഖ അവതരിപ്പിച്ചു. ഇൻ്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിൻ്റെ ‘കോ-ഓപ്പറേറ്റീവ് ഗ്ലോബല്‍ എക്‌സലന്‍സ്’ അവാര്‍ഡിനുള്ള സഹകരണ വകുപ്പിൻ്റെ ഉപഹാരം എന്‍ എസ് സഹകരണ ആശുപത്രി പ്രസിഡൻ്റിനും ഭരണസമിതിക്കും ചടങ്ങില്‍ കൈമാറി.
സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റിയംഗം കെ. രാജഗോപാല്‍, എന്‍.എസ്. ആശുപത്രി സെക്രട്ടറി പി. ഷിബു, സഹകാരിയും പ്രഥമ റോബര്‍ട്ട് ഓവന്‍ അവാര്‍ഡ് ജേതാവുമായ എം. ഗംഗാധരകുറുപ്പ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നേതാക്കളായ എന്‍.കെ. രാമചന്ദ്രന്‍, കെ.വി. പ്രമോദ്, സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാറും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ ടി. സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എ. അജി എന്നിവര്‍ പങ്കെടുത്തു.
advertisement
കോണ്‍ക്ലേവിൻ്റെ ഭാഗമായി ‘സഹകരണ ബദല്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി. മോഹനന്‍ നായര്‍ മോഡറേറ്ററായി. ‘ആരോഗ്യമേഖല – വിദേശ മൂലധനത്തിൻ്റെ കടന്നുവരവും കേരളത്തിൻ്റെ സഹകരണ ബദലും’ എന്ന വിഷയത്തില്‍ ഐ.എം.എ.–പി.പി.എസ്. സംസ്ഥാന ചെയര്‍പേഴ്സണും ന്യൂറോ സര്‍ജനുമായ ഡോ. എ.വി. ജയകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു. സഹകരണ ആശുപത്രികള്‍ ഏകോപനത്തിലൂടെ ശൃംഖലകളാകേണ്ടതും സര്‍ക്കാര്‍ പദ്ധതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഗ്രാമീണ ആരോഗ്യ നിര്‍വഹണത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ റീജിയണല്‍ കാന്‍സര്‍ സെൻ്ററിലെ ഡോ. സി.വി. പ്രശാന്ത് പ്രസംഗിച്ചു. ചെറുനിക്ഷേപങ്ങളിലൂടെ ഗ്രാമീണ ആരോഗ്യ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
‘സഹകരണ ആരോഗ്യ സ്ഥാപനങ്ങള്‍ – സാധ്യതകള്‍, രൂപീകരണം, നടത്തിപ്പ്’ എന്ന വിഷയത്തില്‍ ഇ.എം.എസ്. സഹകരണ ആശുപത്രി ജനറല്‍ മാനേജര്‍ ബി. അബ്ദുനാസര്‍ അവതരണം നടത്തി. സാധാരണക്കാരെ കോര്‍പ്പറേറ്റ് ആരോഗ്യ മേഖലയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹകരണ മാതൃക ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘സഹകരണ ആരോഗ്യ മേഖല – മൂലധന സമാഹരണം, ധനസഹായം’ എന്ന വിഷയത്തില്‍ ഹെല്‍ത്ത്‌കെയര്‍ മാനേജ്മെൻ്റ് സ്പെഷ്യലിസ്റ്റ് രഞ്ജിത് ആര്‍. മേനോന്‍ പ്രബന്ധം അവതരിപ്പിച്ചു. മൂലധന സമാഹരണത്തിനും ധനസഹായം ലഭ്യമാക്കുന്നതിനും നവീന ആശയങ്ങള്‍ അനിവാര്യമാണെന്ന് സെമിനാറില്‍ അഭിപ്രായപ്പെട്ടു.
