തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളിൽ ഒന്നായ ഓയൂരിലെ തവളയില്ലാ കുളത്തെ പരിചയപ്പെടാം. മരുതമൺപള്ളിയിലാണ് ചരിത്രപ്രസിദ്ധമായ തവളയില്ലാ കുളം അഥവാ മാക്രിയില്ലാ കുളം ഉള്ളത്. ഒരു ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ കുളത്തിൽ തവളകൾ ഇല്ല എന്ന് പ്രചരിച്ചത്. ഇപ്പോഴും ഇവിടെ തവളകൾ ഇല്ലെന്നും തവളകളുടെ കരച്ചിൽ കേൾക്കാറില്ലെന്നുമാണത്രേ പറയപ്പെടുന്നത്.
ഓയൂരിലെ തവളയില്ലാ കുളം
advertisement
കുളവുമായി ബന്ധപ്പെട്ട ഐതിഹ്യത്തെക്കുറിച്ചും ചരിത്ര പ്രാധാന്യത്തെ പറ്റിയും ഒക്കെ സാമൂഹിക പരിഷ്കർത്താവ് ആയിരുന്ന പി. കൃഷ്ണപിള്ളയുടെ മാക്രിയില്ലാകുളം എന്ന നോവലിൽ പരാമർശിക്കുന്നുണ്ട്.
തവളയില്ലാ കുളം
കുളത്തിന് സമീപം അകവൂർ മന എന്നൊരു മഠം ഉണ്ടായിരുന്നു. മഠത്തിലെ കാരണവർ നിത്യേന സൂര്യനമസ്കാരം ചെയ്യുന്നത് ഈ കുളത്തിന്‍റെ കരയിലായിരുന്നു. ധ്യാനത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് നിരന്തരം തവള കരച്ചിൽ ഉയർന്നുകൊണ്ടേയിരുന്നു. തവളകളുടെ ശല്യം സഹിക്കാനാകാതെ കാരണവർ കുളത്തിലെ തവളകളെ ശപിച്ചു. തവളകളെല്ലാം നശിച്ചു പോകട്ടെ എന്നായിരുന്നു ശാപം. ഇതാണ് തവളയില്ലാ കുളവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഐതിഹ്യം. ഐതിഹ്യത്തിന് പിന്നിലെ യാഥാർത്ഥ്യം തിരഞ്ഞു പോകാൻ ആരും മിനക്കെട്ടില്ലെങ്കിലും ഇപ്പോഴും ഈ കുളത്തിൽ തവളകൾ ഇല്ല അല്ലെങ്കിൽ തവളകൾ കരയാറില്ല എന്നാണ് നാട്ടുകാർ പറയുന്നത്.






