കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ മുന്നോട്ടു വെച്ച കെ എസ് യു മാനിഫെസ്റ്റോയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആർത്തവ അവധി ആയിരുന്നു എന്ന് ചൂണ്ടികാട്ടി കുസാറ്റ് യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധി കൂടിയായ കെ എസ് യു നേതാവ് ആൻ സെബാസ്റ്റ്യൻ രംഗത്തെത്തിയതോടെ ചർച്ചയും ചൂടുപിടിച്ചിട്ടുണ്ട്. മാനിഫെസ്റ്റോയിൽ പറഞ്ഞ ആർത്തവ അവധി നടപ്പിലാക്കി എടുക്കാനായി കെ എസ് യു ചെയ്ത കാര്യങ്ങളുടെ തെളിവുകളടക്കം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ആൻ സെബാസ്റ്റ്യൻ രംഗത്തെത്തിയിരിക്കുന്നത്.
കെ എസ് യു കുസാറ്റിൽ തുടങ്ങിവെച്ച മാറ്റം കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളിലും വ്യാപിപ്പിക്കാൻ ശ്രമിക്ക്കുകയാണെന്നും ആൻ വ്യക്തമാക്കി. മറ്റ് സർവകലാശാലകളിലും ആർത്തവ അവധി എന്ന ആവശ്യം ഉയർത്തി നമ്മൾ മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. എന്നാൽ ആൻ സെബാസ്റ്റ്യന്‍റെ പോസ്റ്റിന് താഴെ എസ് എഫ് ഐ പ്രവർത്തകരുടെ എതിർവാദവും ശക്തമാണ്. എസ് എഫ് ഐ ആണ് കുസാറ്റിലെ ആർത്തവ അവധി യാഥാർത്ഥ്യമാക്കിയതെന്നാണ് അവരുടെ അവകാശവാദം.
advertisement
ആൻ സെബാസ്റ്റ്യന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
കെ എസ് യു കുസാറ്റിൽ തുടങ്ങിവെച്ച മാറ്റം എം ജി യൂണിവേഴ്സിറ്റിയിലേക്കും കെ എസ് യു ഏറ്റെടുക്കുകയാണ്. കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളിലും ആർത്തവ അവധി എന്ന ആവശ്യം ഉയർത്തി നമ്മൾ മുന്നോട്ട് പോകും.
ഈ വർഷം കേരള വിദ്യാർത്ഥി യൂണിയൻ കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ മുന്നോട്ടു വെച്ച മാനിഫെസ്റ്റോയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആർത്തവ അവധി ആയിരുന്നു. ഇലക്ഷനിൽ രണ്ടു സീറ്റുകൾ മാത്രമാണ് വിജയിക്കാൻ സാധിച്ചതെങ്കിലും കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് എന്ന നിലയിൽ കുര്യൻ, മാനിഫെസ്റ്റോയിലെ ആ വാഗ്ദാനം നിറവേറ്റുന്നതിന് വേണ്ടി കൃത്യമായ ഫോളോ അപ്പുകൾ ചെയ്ത് നിവേദനം നൽകിയിരുന്നു. ജനുവരി ഒന്നാം തീയതി യൂണിവേഴ്സിറ്റിക്ക് അപേക്ഷ നൽകിയിരുന്നു.
യൂണിവേഴ്സിറ്റി ആർത്തവ അവധിക്ക് അനുവാദം നൽകിയതിന് ശേഷം എസ് എഫ് ഐ ആണ് ആ അവകാശം നേടിയെടുത്തത് എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന കത്തിൽ ഒരു തീയതി പോലും വ്യക്തമാക്കുവാൻ അവർക്ക് സാധിക്കുന്നില്ല. ഇവിടെ യൂണിയൻ നേടിയെടുത്തു എന്ന് പറയുമ്പോഴും, ആ യൂണിയനിൽ പൂർണമായും എസ് എഫ് ഐക്കാർ അല്ല, കെ എസ് യു പ്രതിനിധികളും ഉൾപ്പെടുന്ന യൂണിയൻ ആണെന്ന് ഇതിന്‍റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ വേണ്ടി എസ് എഫ് ഐ നടത്തുന്ന പ്രചാരണത്തിൽ മറന്നു പോവുന്നുണ്ട്.