TRENDING:

'മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം; സുധാകര കുബുദ്ധി കാണാതെ പോയാൽ വലിയ വില നൽകേണ്ടിവരും': കെ ടി ജലീൽ

Last Updated:

''ഇത് തിരിച്ചറിയാൻ നേതൃത്വത്തിനും അണികൾക്കും കഴിഞ്ഞില്ലെങ്കിൽ 'മുടക്കാച്ചരക്കായി' കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മുസ്‌ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് ശ്രമിക്കുന്നതായി കെ ടി ജലീൽ എംഎൽഎ. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ കറുത്ത കരങ്ങളാണെന്ന് ജലീല്‍ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. പിളര്‍പ്പ് ഭീഷണി സൃഷ്ടിച്ച് കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ തന്നെ ലീഗിനെ നിര്‍ത്താനുള്ള ‘സുധാകര കുബുദ്ധി’ കാണാതെ പോയാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. ഇതു തിരിച്ചറിയാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ ‘മുടക്കാച്ചരക്കായി’ കേരള രാഷ്ട്രീയത്തില്‍ ലീഗ് മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജലീലിന്റെ കുറിപ്പിൽ പറയുന്നു.
advertisement

കുറിപ്പിന്റെ പൂർണരൂപം

നാലു പതിറ്റാണ്ടു പിന്നിട്ട കോൺഗ്രസ്-ലീഗ് ബന്ധം, വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ മുറിഞ്ഞു പോകാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാവണം ലീഗിലൊരു വിമത ഗ്രൂപ്പിനെ രൂപപ്പെടുത്തി എടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമം, മുത്തലാഖ് നിയമം, ഏക സിവിൽ കോഡ് പ്രശ്നം, രാമക്ഷേത്ര നിർമ്മാണത്തിന് വെള്ളി ഇഷ്ടിക നൽകി ഐക്യദാർഢ്യപ്പെട്ട വിഷയം, കാശിയിലെ ഗ്യാൻവാപി മസ്ജിദുമായും മധുരയിലെ ഈദ്ഗാഹ് മസ്ജിദുമായും ബന്ധപ്പെട്ട് സംഘപരിവാരങ്ങൾ ഉയർത്തുന്ന ഭീഷണി, ബീഫ് വിവാദവും അതേത്തുടർന്ന് അൻപതോളം ആളുകൾ ക്രൂരമായി വധിക്കപ്പെടുകയും ചെയ്ത സംഭവങ്ങൾ, ജഹാംഗിർപുരിൽ മുസ്‌ലിം ചേരികൾ ഇടിച്ചു നിരത്താനുള്ള ശ്രമം, മുഗൾ കാലത്തെ സ്ഥലനാമങ്ങൾ മാറ്റാനുള്ള ബിജെപി നീക്കം തുടങ്ങി മുഴുവൻ കാര്യങ്ങളിലും കോൺഗ്രസ് നിസംഗത പാലിച്ചു മാറിനിന്നതും അഴകൊഴമ്പൻ സമീപനം കൈക്കൊണ്ടതും മതേതര വിശ്വാസികളെ അമ്പരപ്പിച്ചത് യാദൃശ്ചികമല്ല.

advertisement

Also Read- ‘ഞാന്‍ ആരുടെയും കോളാമ്പിയല്ല’; കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തിൽ ഉറച്ച് അഡ്വ.ടി.പി. ഹരീന്ദ്രന്‍

ലീഗിൽ കോൺഗ്രസ് വിരുദ്ധ തിരയിളക്കം ശക്തമാകാൻ ഇവയെല്ലാം കാരണമായി. കോൺഗ്രസിന്റെ ഭൂരിപക്ഷ വർഗീയ പ്രീണന നിലപാടുകൾക്കെതിരെ ന്യൂനപക്ഷ പാർട്ടി എന്ന നിലയിൽ മുസ്‌ലിം ലീഗ് പ്രതികരിക്കാൻ നിർബന്ധിതമായത് സ്വാഭാവികം. ഈ നീക്കങ്ങൾ കോൺഗ്രസിനെ അസ്വസ്ഥമാക്കി. ലീഗിന്റെ നഷ്ടപ്പെട്ട ‘വിലപേശൽ ശക്തി’ തിരിച്ചു പിടിക്കാനുള്ള ശ്രമം തകർക്കാനുള്ള തീവ്രയജ്ഞത്തിന് കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ലക്ഷ്യം നേടാൻ എന്ത് ‘കടുംകൈ‌’ ചെയ്യാനും അവർ മടി കാണിക്കില്ല. അനിവാര്യമെങ്കിൽ ലീഗിനെ നെടുകെ കഷ്ണിക്കാൻ പോലും.

advertisement

Also Read- കോൺഗ്രസ് ബിജെപിയുടെ ബി ടീം; മൃദു ഹിന്ദുത്വ നിലപാടിലൂടെ ബിജെപിയെ നേരിടാനാവില്ലെന്ന് എം.വി ഗോവിന്ദന്‍

ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളോടൊപ്പം കോൺഗ്രസ്സിനോടുള്ള ഒരു വിഭാഗത്തിന്റെ അടിമത്വ മനോഭാവവും ചേരുവ ചേർന്നപ്പോഴാണ് 1974ൽ ലീഗ് ആദ്യമായി രണ്ടായത് (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും അഖിലേന്ത്യാ മുസ്‌ലിം ലീഗും). ശരീഅത്ത് വിവാദം ഇരു ലീഗുകളെയും ഒന്നിപ്പിച്ചു. ശിലാന്യാസ വിഷയത്തിലും ബാബറി മസ്ജിദ് തകർച്ചയിലും കോൺഗ്രസ് എടുത്ത നിലപാടിനെച്ചൊല്ലിയാണ് ലീഗിൽ വീണ്ടും തർക്കം ഉരുണ്ടുകൂടിയത്. സേട്ടു സാഹിബിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ലീഗ് വിട്ടു പോന്നു. ഇതു രണ്ടാമതും ലീഗിനെ പിളർപ്പിലേക്ക് നയിച്ചു. അവിടെയും വില്ലന്റെ റോളിൽ കോൺഗ്രസ് തന്നെയായിരുന്നു.

advertisement

Also Read- ‘ഹിന്ദുക്കളെല്ലാം ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണി’; എ.കെ ആന്‍റണിയെ പിന്തുണച്ച് വി.ഡി സതീശന്‍

‘മാരത്തോൺ രാഷ്ട്രീയ സഖ്യം’ കോൺഗ്രസ് വിധേയത്വമായി മാറുന്നുവെന്ന തിരിച്ചറിവ് ലീഗിലെ പ്രബല വിഭാഗത്തെ പുതിയ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് പ്രേരിപ്പിച്ചിരിക്കണം. ലീഗിന്റെ അസ്തിത്വം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ നേരിടേണ്ടി വരാൻ സാധ്യതയുള്ള പ്രതിസന്ധികൾ മുൻകൂട്ടി കാണാൻ കഴിയുന്ന വിവേകികൾക്ക് അതിൽ അതിശയം തോന്നില്ല. ലീഗിനുള്ളിലെ കോൺഗ്രസ് അനുകൂലികളെ കളത്തിലിറക്കി മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി പിന്തിരിപ്പിക്കാനാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രമം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലീഗണികൾക്കിടയിൽ വൈകാരിക പ്രശ്നമായി മാറിയ ഷുക്കൂർ വധം മുൻനിർത്തി പുതുതായുണ്ടായ വെളിപാടുകൾക്കു പിന്നിൽ കോൺഗ്രസ്സിന്റെ കറുത്ത കരങ്ങളാണെന്ന് വ്യക്തം. ലീഗിൽ പിളർപ്പ് ഭീഷണി സൃഷ്ടിച്ച് കോൺഗ്രസിന്റെ തൊഴുത്തിൽ തന്നെ ലീഗിനെ കെട്ടി നിർത്തിക്കാനുള്ള ‘സുധാകര കുബുദ്ധി’ കാണാതെ പോയാൽ ഭാവിയിൽ വലിയ വിലയാകും സമുദായ പാർട്ടിക്ക് നൽകേണ്ടി വരിക. ഇത് തിരിച്ചറിയാൻ നേതൃത്വത്തിനും അണികൾക്കും കഴിഞ്ഞില്ലെങ്കിൽ ‘മുടക്കാച്ചരക്കായി’ കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം; സുധാകര കുബുദ്ധി കാണാതെ പോയാൽ വലിയ വില നൽകേണ്ടിവരും': കെ ടി ജലീൽ
Open in App
Home
Video
Impact Shorts
Web Stories