ഹിന്ദു അമ്പലത്തിൽ പോയാലോ തിലക കുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ ഹിന്ദുക്കളും ബി.ജെ.പിയാണന്ന് പറയുകയല്ല നമ്മുടെ പണിയെന്നും മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
അമ്പലത്തില്‍ പോകുന്നവരും കാവിമുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബി.ജെ.പിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താന്‍ മുമ്പേ പറഞ്ഞതാണ്. ആന്റണിയെ പോലെ മുതിര്‍ന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമാണെന്നും ശരിയായ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വിശ്വാസിയായ അമ്പലത്തില്‍ പോകുന്ന ചന്ദനക്കുറിയിടുന്ന ഹിന്ദുക്കളെ മൃദുഹിന്ദുത്വവാദികളായി മുദ്രകുത്തുന്നതിനിെതിരെ എ.കെ ആന്‍റണി പ്രതികരിച്ചിരുന്നു. മുസ്ലീമിനും ക്രിസ്ത്യാനിക്കും പളളിയിൽ പോകാം. ഹിന്ദു അമ്പലത്തിൽ പോയാലോ തിലക കുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ല. ഇത്തരം പ്രചാരണങ്ങൾ മോദിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ മാത്രമേ സഹായിക്കൂ.
2024 ൽ മോദിയെ താഴെ ഇറക്കാനുളള പ്രവർത്തനങ്ങൾക്ക് എല്ലാ മതക്കാരെയും ഒന്നിച്ചു നിർത്തണം. കോൺഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.