"മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്തുകാരുടെ താവളമായപ്പോള്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയുടെ വീട് മയക്കു മരുന്നു കടത്തുകാരുമായി ബന്ധപ്പെട്ടതാണെന്ന് വന്നപ്പോഴും തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ ഇ.ഡി.ചോദ്യം ചെയ്തപ്പോഴും തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് സര്‍ക്കാരുമായും സി.പി.എമ്മുമായും ബന്ധപ്പെട്ടവര്‍ പറയുന്നത്.
എന്തു തരം സര്‍ക്കാരാണിത്. രാജ്യത്തെ എല്ലാ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സര്‍ക്കാരായി ഇത് മാറിയിരിക്കുന്നു.
സ്വര്‍ണ്ണക്കടത്തും മയക്കുമരുന്ന് കടത്തു കേസും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. സ്വര്‍ണ്ണക്കടത്തു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ കോടിയേരിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്ന് ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. കോടിയേരിക്ക് സ്വന്തം മകന്‍ ചെയ്യുന്നത് അറിയില്ല എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? ചെന്നിത്തല ചോദിക്കുന്നു.
advertisement
ഗുരുതരമായ രാജ്യദ്രോഹകുറ്റമാണ് മയക്കുമരുന്നു വിപണനവും അതിനെ സഹായിക്കുന്നതും. അത് നടന്നത് പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ നിന്നാണ്. മയക്കു മരുന്നു കടത്തും സ്വര്‍ണ്ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും മൗനം തന്നെയാണ്.
ഏറ്റവും ഒടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെയും ഇ.ടി ചോദ്യം ചെയ്തിരിക്കുന്നു.
സത്യം മാത്രമേ ജയിക്കൂ എന്നാണ് കെ.ടി. ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചത്. യഥാര്‍ത്ഥത്തില്‍ സത്യം മാത്രമേ ജയിക്കൂ എന്ന് പറഞ്ഞുകൊണ്ട് കള്ളം മാത്രം പറയുന്ന മന്ത്രിയാണ് കെ.ടി.ജലീല്‍.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ മൂന്നേ മുക്കാല്‍ മണിക്കൂറോളം ചോദ്യം ചെയ്തിട്ടും അത് കഴിഞ്ഞ് വാര്‍ത്താ ലേഖകര്‍ ചോദിച്ചപ്പോള്‍ അങ്ങനെ സംഭവിച്ചിട്ടേ ഇല്ലെന്ന് പറഞ്ഞയാളാണ് മന്ത്രി കെ.ടി. ജലീല്‍. രാവിലെ ചോദ്യം ചെയ്യല്‍ സംബന്ധിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ച വിവരമേ തനിക്കുള്ളൂ എന്നാണ് കെ.ടി. ജലീല്‍ പറഞ്ഞത്. പച്ചക്കള്ളം ഉളിപ്പില്ലാതെ പറയുന്ന ഒരു മന്ത്രി ഒരു മന്ത്രിസഭയ്ക്കും ഭൂഷണമല്ല.
ഇങ്ങനെ ആദ്യവസാനം കള്ളം മാത്രം പറയുന്ന ഒരു മന്ത്രിയെ മുഖ്യമന്ത്രി എന്തിനാണ് വഴി വിട്ട് സംരക്ഷിക്കുന്നത്? ജലീലിനെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്ന് അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ രാജ്യദ്രോഹപരമായ കേസുമായി ബന്ധപ്പെട്ട് ഇ.ഡി.ചോദ്യം ചെയ്യുന്നത്. ഇത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്.
സംസ്ഥാനത്തിന്റെ പൊതു രംഗത്തെ മലീമസപ്പെടുത്തിയിരിക്കുകയാണ് കെ.ടി.ജലീല്‍.
തലയില്‍ മുണ്ടിട്ട് പാത്തും പതുങ്ങിയുമാണ് ജലീല്‍ ഇ.ഡി.ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തിയത്. ഒദ്യോഗിക കാറും സന്നാഹങ്ങളുപേക്ഷിച്ച് സ്വകാര്യ കാറില്‍ രഹസ്യമായി എത്തി.
മന്ത്രിക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ ധൈര്യമായി നാലാള്‍ കാണ്‍കെ ചെല്ലാമായിരുന്നല്ലോ? ചോദ്യം ചെയ്യലിന് ശേഷം എന്നോട് ഇന്ന കാര്യങ്ങളാണ് ചോദിച്ചതെന്ന് തല ഉയര്‍ത്തി നിന്ന് മാദ്ധ്യമങ്ങളോട് പറയാമായിരുന്നല്ലോ? അതുണ്ടായില്ല. പകരം തന്നെ ആരും ചോദ്യം ചെയ്തില്ല എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഇങ്ങനെ പച്ചക്കള്ളം പറയാന്‍ കഴിയുന്ന എങ്ങനെ ഒരു മന്ത്രിക്ക് കഴിയുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വിസ്തരിച്ചില്ലേ എന്നാണ് സി.പി.എമ്മുകാര്‍ ചോദിക്കുന്നത്? ഉമ്മന്‍ചാണ്ടി തലില്‍ മുണ്ടിട്ടല്ല പോയത്. അദ്ദേഹം തന്നെ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ അന്തസായി പോയി തെളിവ് നല്‍കി. തല ഉയര്‍ത്തിത്തന്നെയാണ് അദ്ദേഹം പുറത്തു വന്നത്. മാത്രമല്ല ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ മൊഴി ശേഖരിക്കുന്നതും രാജ്യദ്രോഹക്കേസില്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതും രണ്ടാണ്. അതിനെ തുലനം ചെയ്യരുത്.
ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇത്ര വലിയ കാര്യമാണോ എന്നാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഇന്ന് ചോദിച്ചത്. കടകംപള്ളിക്ക് ഇത് വലിയ കാര്യമായി തോന്നില്ലായിരിക്കാം. പക്ഷേ കേരളീയര്‍ക്ക് ഇത് നാണക്കേടാണ്.
മുങ്ങിക്കഴിഞ്ഞാല്‍ പിന്നെ കുളിരില്ല എന്നു പറയുന്നത് പോലെ അഴിമതിയിലാണ്ടു കിടക്കുന്നവര്‍ക്ക് ചോദ്യം ചെയ്താലും വലിയ കുഴപ്പമൊന്നും തോന്നില്ല. ഇനി ജലീലിനെ അറസ്റ്റ് ചെയ്താലും ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഈ മന്ത്രി ചോദിക്കും.
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് പ്രമാണം. ഇവിടെ ജലീല്‍ അടിമുടി സംശയത്തിലും ദുരൂഹതയിലും മുങ്ങി നിൽക്കുന്നു. സ്വര്‍ണ്ണം കടത്തിയ നയതന്ത്ര ചാനല്‍ വഴി കൊണ്ടു വന്ന 4478 കിലോ ബാഗേജില്‍ എന്താണ് യഥാര്‍ത്ഥത്തിലുണ്ടയിരുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ജലീല്‍ പറയുന്നത് പോലെ മതഗ്രന്ഥങ്ങളാണെങ്കില്‍ അതിന്റെ ഭാരത്തില്‍ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തില്‍ അവ എന്തിന് അതീവ രഹസ്യമായി കൊണ്ടു പോയി? സംസ്ഥാനത്തിന് പുറത്തേക്ക് അത് എന്തിന് കടത്തി?
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍ക്ക് മന്ത്രിയുമായി ബന്ധമുണ്ടെന്നതാണ് മറ്റൊരു സംശയാസ്പദമായ കാര്യം. എന്തു തരം ബന്ധമാണ് ഇവര്‍ തമ്മിലുണ്ടായിരുന്നത്? എല്ലാം സംശയകരമാണ്.
ഭരണഘടനയും രാജ്യത്തെ നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ട മന്ത്രി അത് ലംഘിച്ചു കൊണ്ടാണ് വിദേശ സഹായം കൈപ്പറ്റിയത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ മന്ത്രിക്ക് ബാദ്ധ്യതയില്ലേ? ജനാധിപത്യ ക്രമത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്താണത്.
ഈ മന്ത്രിസഭിയല്‍ തന്നെ മൂന്ന് തവണ മന്ത്രിമാര്‍ നേരത്തെ രാജിവച്ചു. ജലീലിന്റെ കേസുമായി താരതമ്യം ചെയ്യുമ്പോള്‍ അവ തീരെ നിസാരം എന്ന് പറയണം.
ബന്ധു നിയമനത്തിന്റെ പേരിലാണ് ഇ.പി. ജയരാജന് ആദ്യം രാജി വയ്‌ക്കേണ്ടി വന്നത്. കെ.ടി. ജലീലിന്റെ പേരിലും അതേ പോലുള്ള ബന്ധു നിമന വിവാദമുണ്ടായി. എന്നിട്ടും ജലീലിന് രാജി വയ്‌ക്കേണ്ടി വന്നില്ല. ഫോണിലൂടെയുള്ള സ്വകാര്യ സംഭാഷണത്തിന്റെ പേരിലാണ് ശശീന്ദ്രന്‍ രാജി വച്ചത്. തന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ ഭൂമി കയ്യേറ്റത്തിന്റെ പേരിലാണ് തോമസ് ചാണ്ടി രാജി വച്ചത്.
പക്ഷേ ഇവിടെ രാജ്യദ്രോഹപരമായ സ്വര്‍ണ്ണക്കടത്തുകാരുമായുള്ള ചങ്ങാത്തവും പ്രോട്ടോക്കോള്‍ ലംഘിച്ച് വിദേശ സഹായം കൈപ്പറ്റിലും തുടങ്ങി അതീവ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
ഇ.പി.ജയരാജന് നല്‍കാത്ത പരിഗണന എന്തിനാണ് കെ.ടി ജലീലിന് മുഖ്യമന്ത്രി നല്‍കുന്നത്? എ.കെ.ശശീന്ദ്രനും, തോമസ് ചാണ്ടിക്കും നല്‍കാത്ത പരിഗണനയും സംരക്ഷണവും എന്തിനാണ് കെ.ടി.ജലീലിന് മുഖ്യമന്ത്രി നല്‍കുന്നത്.
സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് നല്‍കാത്ത പരിഗണന എന്തിന് ജലീലിന് നല്‍കുന്നു?
നേരത്തെ മാര്‍ക്ക് ദാന വിവദമുണ്ടായപ്പോഴും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു. ഗവര്‍ണര്‍ ജലീലിന്റെ ചെവിക്ക് പിടിച്ചിട്ടും ഒരക്ഷരം മുഖ്യമന്ത്രി ചോദിച്ചില്ല. ഭൂമിദാന വിവാദത്തിലും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ് ചെയ്തത്.
നല്ല അഴിമതിക്കാരനായതു കൊണ്ടാണോ മുഖ്യമന്ത്രിക്ക് ജലീലിനോട് ഇത്ര വാത്സല്യം? എല്ലാ അഴിമതിക്കും കുടപിടിക്കുന്നത് മുഖ്യമന്ത്രിായണ്. അഴിമതിക്കാരെ പോറ്റി വളര്‍ത്തുന്നത് അദ്ദേഹമാണ്. ആ നിലയ്ക്ക് സഹഅഴിമതിക്കാരനോട് വാത്സല്യം തോന്നാം.
ജലീല്‍ മാത്രമല്ല, ഈ മന്ത്രിസഭ തന്നെ സംസ്ഥാനത്തിന് നാണക്കേടായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന് ഭാരമാണ് ഈ മന്ത്രിസഭ." ചെന്നിത്തല പറഞ്ഞു.