KT Jaleel| ഇഡി ചോദ്യം ചെയ്തത് ഒളിക്കാൻ പരമാവധി ശ്രമിച്ചു; മന്ത്രി തലയിൽ മുണ്ടിട്ടുപോയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ
- Published by:Rajesh V
- news18-malayalam
Last Updated:
നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മന്ത്രി സ്റ്റേറ്റ് കാറിൽ തലസ്ഥാനം വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം പലരും വിളിച്ചപ്പോഴും ഒന്നും അറിയില്ലെന്ന കാര്യം ആവർത്തിച്ചു.
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ഒളിച്ചുവയ്ക്കാൻ മന്ത്രി കെ ടി ജലീൽ നടത്തിയത് ആസൂത്രിത നീക്കം. സംഭവം ഒരുതരത്തിലും പുറത്തുപോകാതിരിക്കാൻ മന്ത്രി കിണഞ്ഞുശ്രമിച്ചു. ചില മാധ്യമപ്രവർത്തകർ അടക്കം മന്ത്രിയെ നേരിട്ടുവിളിച്ചപ്പോഴും 'പത്രത്തിൽ കണ്ട അറിവേ തനിക്കുള്ളൂവെന്ന്' ആവർത്തിച്ചു. എന്നാൽ വൈകിട്ട് 6.05ഓടെ മന്ത്രിയെ ചോദ്യം ചെയ്തുവെന്ന ബിഗ് ബ്രേക്കിങ് വാർത്ത ന്യൂസ് 18 കേരളം പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സിഎൻഎൻ- ന്യൂസ് 18 ഡെപ്യൂട്ടി എഡിറ്റർ അരുണിമയാണ് ഡൽഹിയിലെ ഇഡി മേധാവിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചത്. വാർത്ത പുറത്തുവന്നതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉൾപ്പെടെ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം പ്രതിപക്ഷ സംഘനടകൾ പ്രതിഷേധവുമായെത്തി. രാത്രിയോടെ 'സത്യമേ ജയിക്കൂ; സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല' എന്ന ചെറുകുറിപ്പിൽ മന്ത്രി കെ.ടി. ജലീൽ പ്രതികരണം ഒതുക്കി.
ഇഡിയുടെ നോട്ടീസ്
ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രിക്ക് ഇഡിയുടെ നോട്ടീസ് കിട്ടിയെന്ന് രണ്ട് ദിവസം മുമ്പ് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അത്തരത്തിലൊരു നോട്ടീസേ കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രി ചോദിച്ചവരോടെല്ലാം പറഞ്ഞത്. അതിന് ശേഷം അതീവ രഹസ്യമായി ചോദ്യം ചെയ്യലിന് എത്തുകയായിരുന്നു. സ്വന്തം ഓഫീസിലുള്ളവർ പോലും അറിയാതിരിക്കാനുള്ള എല്ലാ മുൻകരുതലും എടുത്തു. നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മന്ത്രി സ്റ്റേറ്റ് കാറിൽ തലസ്ഥാനം വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം പലരും വിളിച്ചപ്പോഴും ഒന്നും അറിയില്ലെന്ന കാര്യം ആവർത്തിച്ചു.
advertisement
സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വകാര്യ കാറിൽ കൊച്ചിയിലേക്ക്
ഇന്നലെ പുലർച്ചെ അരൂരിലെ വ്യവസായിയായ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാർ അവിടെയിട്ട് സ്വകാര്യ കാറിൽ ഇഡിയുടെ ഓഫീസിലെത്തി. മൊഴിയെടുപ്പ് 2 മണിക്കൂറോളം നീണ്ടുനിന്നു. കൊച്ചി മേഖലാ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷം ഉച്ചയോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഉച്ചയ്ക്ക് ഫോണിൽ ബന്ധപ്പെട്ടവരോടും രാവിലെ പത്രത്തിൽ കണ്ട അറിവേ തനിക്കുള്ളൂവെന്നാണ് മന്ത്രി ജലീൽ പ്രതികരിച്ചത്.
advertisement
ചോദിച്ചത് എന്തെല്ലാം?
യുഎഇ നയതന്ത്ര ബാഗേജിലെ സാധനങ്ങൾ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്ക് ലഭിച്ച പായ്ക്കറ്റുകളിൽ മതഗ്രന്ഥങ്ങളായിരുന്നുവെന്നും മന്ത്രി ചോദ്യം ചെയ്യലിൽ ആവർത്തിച്ചുവെന്നാണ് വിവരം. സ്വപ്നയുമായുള്ളത് ഔദ്യോഗിക ബന്ധം മാത്രം. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ. തന്റെ പേഴ്സണൽ സ്റ്റാഫും ഈ രീതിയിലാണ് അവരുമായി ഫോണിൽ ബന്ധപ്പെട്ടത്. അതിലപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും ജലീൽ വ്യക്തമാക്കി. ഇഡി ശേഖരിച്ച വിവരങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആവശ്യമുണ്ടെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന സൂചനയും ഇഡി നൽകി.
advertisement
യുഎഇ കോണ്‍സുലേറ്റിലേക്ക് മാർച്ച് നാലിനെത്തിയ 4478 കിലോ ബാഗേജിനെ കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ. ഇതിൽ നിന്നുള്ള 32 പായ്ക്കറ്റുകളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സി- ആപ്റ്റിന്റെ ഓഫീസിലെത്തിച്ചത്. തുടർന്ന് ഇവ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെ രണ്ട് മതസ്ഥാപനങ്ങളിൽ എത്തിചെന്നായിരുന്നു മന്ത്രിയുടെ വാദം.
Also Read- മദാമ്മയുടെ ഹൈടെക് തട്ടിപ്പ് ഐഡിയപരമായി പൊളിച്ചടുക്കി മലയാളി; കുറിപ്പ് വൈറൽ
എന്തിനായിരുന്നു സർക്കാർ വാഹനം ഉപയോഗിച്ചത്? ആരുടെ നിർദേശം എന്നായിരുന്നു ഇഡിയുടെ അടുത്ത ചോദ്യം. യുഎഇ കോൺകുലേറ്റിൽ നിന്ന് മുൻകൂട്ടി അറിയിച്ചതുപ്രകാരമാണ് ഇതുചെയ്തതെന്നും സർക്കാരിൽ നിന്നും ആരുടെയും നിർദേശമുണ്ടായിരുന്നില്ലെന്നും മന്ത്രി മറുപടി നൽകി. മന്ത്രിക്ക് പുറമെ ആർക്കൊക്കെയാണ് യുഎഇ കോൺസുലേറ്റ് മതഗ്രന്ഥം വിതരണം ചെയ്തതെന്ന് ഇഡി ആരാഞ്ഞെങ്കിലും തനിക്കറിയില്ലെന്ന് ജലീൽ വ്യക്തമാക്കി.
advertisement
ജലീൽ ഒഴികെ ആരും യുഎഇ കോൺസുലേറ്റിൽ നിന്നും മതഗ്രന്ഥം കിട്ടിയതായി അവകാശപ്പെട്ടില്ലെന്ന സംശയവും അന്വേഷണ സംഘം മുന്നോട്ടുവെച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധപ്പെടലിലും നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്തതിലുമള്ള പ്രോട്ടോകോൾ ലംഘനത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. കോൺസുൽ ജനറലുമായുള്ള ബന്ധത്തെ കുറിച്ചും ഇഡി ചോദിച്ചറിഞ്ഞു.
'ചോദ്യം ചെയ്യലിന് മന്ത്രി പോയത് തലയിൽ മുണ്ടിട്ട്'
ധാര്‍മ്മികത അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പാഴാക്കാതെ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയത്. ഈ സംഭവം കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ച്ചയായി ക്രമിനല്‍ കുറ്റം ചെയ്യുന്ന മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. തോറ്റ കുട്ടികളെ ജയിപ്പിച്ചു കൊണ്ട് ക്രിമിനല്‍ കുറ്റം മന്ത്രി നടത്തിയപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദമുണ്ടായപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഇപ്പോഴും ജലീലിനെ സംരക്ഷിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത്?- ചെന്നിത്തല ചോദിച്ചു.
advertisement
Also Read- 24 മണിക്കൂറിൽ ഒരുലക്ഷത്തോളം രോഗബാധിതര്‍; ഏറ്റവും ഉയർന്ന പ്രതിദിന കണക്കുമായി ഇന്ത്യ
അഴിമതിയില്‍ മുങ്ങിത്താഴ്ന്ന ഈ സര്‍ക്കാര്‍ എല്ലാ വിധ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍്ക്കും കുടപിടിച്ചു കൊടുക്കുകയാണ്. നിമയവാഴ്ച ഉറപ്പാക്കുകയും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ് ഇതൊക്കെ ചെയ്യുന്നത്. ധാര്‍മ്മികത മുഴുവന്‍ കളഞ്ഞു കുളിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ജലീലിനെ മുഖ്യമന്ത്രി എത്ര കാലം സംരക്ഷിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
'മുഖ്യമന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദം'
കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന്റക രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തികക്രമക്കേടുകളിലും ജലീൽ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ജലീൽ ഖുറാൻറെ മറവിൽ സ്വർണ്ണം കടത്തിയോയെന്ന സംശയം അതീവഗൗരവമായി നിലനിൽക്കുകയാണ്. യുഎഇ കോൺസുലേറ്റുമായി ജലീൽ നടത്തിയ ചട്ടലംഘനവും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധവും ഇ.ഡിക്ക് മനസിലായിട്ടുണ്ട്. ജലീൽ കടത്തിയ ഖുറാന്റെ തൂക്കവും കോൺസുലേറ്റിൽ നിന്നും വന്ന പാർസലിന്റെ തൂക്കവുമായി വ്യത്യാസമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്.
advertisement
ജലീൽ എന്തുകൊണ്ടാണ് രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയനായതെന്നും വസ്തുതാപരമായ മറുപടി നൽകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ഇങ്ങനെ പ്രതിക്കൂട്ടിലായിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് സർക്കാരിലെ മറ്റുപലർക്കും ജലീലുമായി ബന്ധമുള്ളത് കൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ജലീൽ രാജിവെക്കും വരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.
'സത്യമേ ജയിക്കൂ, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല'
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ എത്തി. 'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല'- ഇതായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു പ്രതികരണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ കുറിച്ച് പരാമർശിക്കാതെയുള്ളതായിരുന്ന മന്ത്രിയുടെ കുറിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2020 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel| ഇഡി ചോദ്യം ചെയ്തത് ഒളിക്കാൻ പരമാവധി ശ്രമിച്ചു; മന്ത്രി തലയിൽ മുണ്ടിട്ടുപോയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ