സാംസ്കാരികകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ തൊഴിൽ - വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.എല്‍.എ മാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.
100 വർഷം തികയുന്ന മലയാള സിനിമയിൽ മോഹൻലാലിന്റെ അനുപമമായ കലാജീവിതം 50 വർഷത്തിലേക്ക് കടക്കുകയാണ്. കലാമൂല്യത്തിലും വ്യാവസായികമായും മലയാള സിനിമയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച മോഹൻലാലിനോട് ഈ നാടിന്റെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്ന ചടങ്ങാണ് ‘മലയാളം വാനോളം, ലാൽസലാം’. അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ, ഒട്ടേറെ അനശ്വര കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ മികച്ച അഭിനേതാക്കളുടെ മുൻനിരയിൽ സ്ഥാനം നേടിയ കലാകാരനാണ് മോഹന്‍ലാല്‍. വിവിധ ഭാഷകളിലായി നാന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. 2023-ലെ ഫാൽക്കെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണനു ശേഷം ഈ പരമോന്നത ബഹുമതി നേടുന്ന ആദ്യ മലയാളിയാണ് ശ്രീ. മോഹൻലാൽ. ഇത് മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ്ണ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
advertisement
ആദരിക്കൽ ചടങ്ങിനെ തുടർന്ന് സംവിധായകൻ ടി.കെ. രാജീവ് കുമാർ അവതരിപ്പിക്കുന്ന രംഗാവിഷ്കാരം ‘ആടാം നമുക്ക് പാടാം’ മോഹൻലാൽ സിനിമകളിലെ നായികമാരും ഗായികമാരും ചേർന്ന് വേദിയിൽ എത്തിക്കുന്നു. മോഹൻലാലിനായുള്ള സംഗീതാർച്ചനയാണ് ‘ആടാം നമുക്ക് പാടാം’. ഗായികമാരായ സുജാത മോഹൻ, ശ്വേതാ മോഹൻ, സിത്താര, ആര്യ ദയാൽ, മഞ്ജരി, ജ്യോത്സന, മൃദുല വാര്യർ, നിത്യ മാമൻ, സയനോര, രാജലക്ഷ്മി, കൽപ്പന രാഘവേന്ദ്ര, റെമി, ദിശ പ്രകാശ് എന്നിവർ മോഹൻലാൽ സിനിമകളിലെ ഹൃദ്യമായ മെലഡികൾ അവതരിപ്പിക്കും. ഓരോ ഗാനത്തിനും മുൻപായി മോഹൻലാൽ സിനിമകളിലെ നായികമാരായ ഉർവശി, ശോഭന, മഞ്ജു വാര്യർ, പാർവതി, കാർത്തിക, മീന, നിത്യ മേനൻ, ലിസി, രഞ്ജിനി, രമ്യ കൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോൻ, മാളവിക മോഹൻ എന്നിവർ വേദിയിൽ സംസാരിക്കും.
മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ രാജ്യം അംഗീകരിച്ചതിലുള്ള അഭിമാനമാണ് ഈ ആദരിക്കൽ ചടങ്ങ്. ശ്രീ. മോഹൻലാലിനോടുള്ള കേരളത്തിന്റെ സ്നേഹാദരം കൂടിയാണിത്. വലിയ ജനപങ്കാളിത്തം ആണ് ഈ പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പരിപാടിയുടെ ലോഗോ ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ തൊഴിൽ - വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. വാർത്താസമ്മേളനത്തിൽ എംഎൽഎമാരായ വി. ജോയ്, ആൻ്റണി രാജു, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു, സംസ്ഥാന ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധുപാല്‍ എന്നിവർ പങ്കെടുത്തു.