2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് മത്സരിച്ച് ജയിച്ചതോടെ അരൂർ എംഎൽഎയായിരുന്ന എ എം ആരിഫ് രാജിവെച്ചു. ഇതോടെ ഇടതുമുന്നണിയുടെ ആകെ സീറ്റ് 90 ആയി കുറഞ്ഞു. ഇപ്പോൾ പാലായിലെ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ എൽഡിഎഫിന്റെ ആകെ സീറ്റ് വീണ്ടും 91 ആയി.
അതേസമയം, യുഡിഎഫിന്റെ സഭയിലെ കക്ഷിനില 47 ൽ നിന്ന് 42 ആയി കുറഞ്ഞു. ലോക്സഭയിലേക്ക് യുഡിഎഫിന്റെ നാലു സിറ്റിങ് എംഎൽഎമാർ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതോടെ നാലു സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോൾ പാലാ സീറ്റ് കൂടി നഷ്ടപ്പെട്ടതോടെ കേരള കോൺഗ്രസ് എം കക്ഷിനില ആറിൽ നിന്ന് അഞ്ചായി.
ഇടതുമുന്നണിയിലെ മൂന്നാമത്തെ കക്ഷി നിലവിൽ മൂന്നംഗങ്ങളുള്ള ജനതാദൾ എസ് ആണ്. മാണി സി കാപ്പൻ ജയിച്ചതോടെ എൻസിപിയും ഇവർക്കൊപ്പമെത്തി. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തോമസ് ചാണ്ടിയുമാണ് എൻസിപിയിലെ മറ്റംഗങ്ങൾ.
നിയമസഭയിലെ നിലവിലെ കക്ഷി നില ഇങ്ങനെ-
എൽഡിഎഫ് 91 (സിപിഎം- 57, സിപിഐ -19, ജെഡിഎസ്- 3, എൻസിപി- 3, സിഎംപി (എ)-1, കോൺഗ്രസ് എസ്-1, കേരള കോൺഗ്രസ് ബി-1, നാഷണൽ സെക്കുലർ കോണ്‍ഫറൻസ്-1, സ്വതന്ത്രർ- 5).
യുഡിഎഫ് - 42 (കോൺഗ്രസ് 19, ഐയുഎംഎൽ- 17, കേരള കോൺഗ്രസ് എം- 5 , കേരള കോൺഗ്രസ് ജേക്കബ്- 1)
എൻഡിഎ- 2 (ബിജെപി-1, കേരള ജനപക്ഷം-1)
ഒഴിഞ്ഞുകിടക്കുന്ന മണ്ഡലങ്ങൾ- 5
