തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ വിജയിച്ചതോടെ നിയമസഭയിലെ ഇടതുനിരയിലെ സിനിമാ താരങ്ങളുടെ എണ്ണം മൂന്നായി ഉയരും. പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്കുമാറും കൊല്ലം എംഎൽഎ എം മുകേഷുമാണ് നിലവിൽ ഇടതുനിരയിലുള്ള സിനിമാ താരങ്ങൾ. നടൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം തിളങ്ങിയശേഷമാണ് മാണി സി കാപ്പൻ ഇപ്പോൾ ജനപ്രതിനിധിയുടെ പുതിയ റോളിലെത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചു സിനിമാ താരങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇടതുമുന്നണിക്ക് വേണ്ടി മൂന്നു താരങ്ങളും യുഡിഎഫിനും ബിജെപിക്കും ഓരോ താരങ്ങൾ വീതവുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ മാണി സി കാപ്പൻ അടക്കം മൂന്നുപേർ പരാജയപ്പെട്ടു. മുകേഷും കെ ബി ഗണേഷ്കുമാറും വിജയിച്ചു. പാലായിൽ കെ എം മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പനെ കൂടാതെ പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജഗദീഷ്, ബിജെപി സ്ഥാനാർഥിയായിരുന്ന ഭീമൻ രഘു എന്നിവരും പരാജയപ്പെട്ടിരുന്നു.
1993ൽ പുറത്തിറങ്ങിയ ജനം എന്ന സിനിമയാണ് മാണി സി കാപ്പൻ ആദ്യമായി നിർമിച്ചത്. സൂപ്പർഹിറ്റായ മേലേപ്പറമ്പിൽ ആൺവീട്, മാന്നാർ മത്തായി സ്പീക്കിംഗ്, കുസൃതിക്കാറ്റ്, കുസൃതി, മാൻ ഓഫ് ദി മാച്ച്, നഗരവധു എന്നീ ചിത്രങ്ങളും നിർമിച്ചത് കാപ്പനാണ്. മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത, ഫ്രണ്ട്സ്, യുവതുർക്കി തുടങ്ങി പന്ത്രണ്ടോളം സിനിമകളില്‍ കാപ്പൻ അഭിനയിച്ചിട്ടുണ്ട്. മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കിയും മാണി സി കാപ്പൻ അണിഞ്ഞു.