ഞായറാഴ്ച വൈകിട്ട് നാലിന് വളാഞ്ചേരിയിൽനിന്ന് പുറപ്പെട്ട മന്ത്രി രാത്രി ഒന്‍പതരയോടെയാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയത്.വഴിനീളെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. മിക്കസ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ ബലപ്രയോഗവും ഉണ്ടായി.
നേരത്തേ, വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. പിന്നീട്, യാത്രയ്ക്കിടെ ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും കരിങ്കൊടി നേരിടേണ്ടി വന്നു. കൊച്ചി പാലിയേക്കരയിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുൻപിലേയ്ക്ക് ചാടിയായിരുന്നു യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കൈയ്യൊടിഞ്ഞു. അങ്കമാലിയിലും പ്രതിഷേധമുണ്ടായി.
advertisement
Also Read-KT Jaleel | കെ.ടി ജലീൽ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി സിപിഎം
യാത്രയ്ക്കിടെ കെ.ടി.ജലീലിനെതിരെ കൊല്ലം ജില്ലയിൽ വ്യാപക പ്രതിഷേധങ്ങളുണ്ടായി. വാഹനത്തിനു നേരെ കരുനാഗപ്പള്ളിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊട്ടിയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് പ്രവർത്തകർ എടുത്തുചാടി. അതിനിടെ പ്രതിഷേധക്കാരുടെ വാഹനത്തിലേക്ക് പൈലറ്റ് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് വാഹനത്തിനു നേരെ ചീമുട്ടയെറിഞ്ഞു.
അതിനിടെ മന്ത്രിക്കെതിരെ നടക്കുന്ന വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നുവെന്ന് വിമർശിച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ടിവിയില്‍ കണ്ടത് മന്ത്രി ജലീലിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പാരിപ്പള്ളിയില്‍ വെച്ച് വേഗത്തില്‍ വരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്..
'വേഗത്തില്‍ ഓടി വരുന്ന വാഹനത്തിനു മുന്നില്‍ പെട്ടെന്ന് മറ്റൊരു വാഹനം കുറുകെ വയ്ക്കുന്നത് ഉണ്ടാക്കുന്ന അപകടം എത്ര ഭീകരം ആകും എന്നത് അറിയാത്തവരാണോ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത് സമരത്തിന്റെ രൂപം അല്ല. ആസൂത്രിതമായി അപകടപ്പെടുത്താന്‍ നടത്തിയ നീക്കം തന്നെയാണ് എന്നതില്‍ സംശയമില്ല. മന്ത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്'- ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.