മന്ത്രി ബിന്ദു സാപ്പിയൻസ് (Sapiens) സമ്മാനിച്ചപ്പോള്‍ മന്ത്രി രാജീവ് നല്‍കിയത് നെക്സസ്(Nexus) എന്ന പുസ്തകമാണ്. മനുഷ്യരുടെ ഉത്ഭവത്തില്‍ നിന്ന് ആധുനിക സംസ്കാരത്തിലേക്കുള്ള വികാസം വിശദീകരിക്കുന്ന രചനയാണ് സാപ്പിയൻസ്. ശിലായുഗത്തില്‍ തുടങ്ങി ഇന്ന് നിര്‍മ്മിത ബുദ്ധിയിലേക്കുള്ള വിവരശൃംഖലകളുടെ ചെറുചരിത്രമാണ് നെക്സസ്. വായനാപ്രിയനായ ഗവര്‍ണര്‍ രണ്ടു പുസ്തകങ്ങളും നേരത്തെ വായിച്ചിരുന്നു എങ്കിലും സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചതായി ഗവർണറുടെ ഓഫീസ് കുറിപ്പിൽ വ്യക്തമാക്കി.
ഞായറാഴ്ച രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്നാണ് വിവരം. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന് രാജ്ഭവന്‍ പ്രതികരിച്ചിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രാജ്ഭവന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
advertisement
ഇതും വായിക്കുക: ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി
ഭാരതാംബവിവാദത്തില്‍ തുടങ്ങി കേരള സര്‍വകലാശാലയിലെ ഏറ്റുമുട്ടല്‍വരെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയും ഗവര്‍ണറുംകൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും വ്യവസായമന്ത്രി പി രാജീവും ഗവർണറെ കണ്ടത്. സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയ്ക്ക് ഇതോടെ താൽക്കാലികമായെങ്കിലും വിരാമമാകും.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാലത്ത് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട തർക്കം പുതിയ ഗവർണർ ചുമതലയേറ്റ് അധികം വൈകാതെ ശക്തിപ്രാപിക്കുകയായിരുന്നു. കേരള, സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ ഗവർണറുടെ അപ്പീൽ ഹൈകോടതി ഡിവിഷൻ ബഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. കേരള സർവകലാശാലയിൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ സംഭവങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥത സൃഷ്ടിച്ചു.
സ്ഥിരം വി സി നിയമനത്തിനുള്ള നടപടികൾ വേഗത്തിയാക്കാൻ ഗവർണറും സർക്കാറും ക്രിയാത്മകമായി ഇടപെടണമെന്ന് കോടതി നിർദേശിച്ചതിന്‍റെകൂടി അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി - ഗവർണർ കൂടിക്കാഴ്ച. സംസ്ഥാനത്തെ 14 സർകലാശാലകളിൽ 13ലും സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത ഗുരുതര പ്രതിസന്ധിയാണുള്ളത്.
യുവാൽ നോവാ ഹരാരി
ഇസ്രായേലി ചരിത്രകാരനും സർവകലാശാല ചരിത്ര അധ്യാപകനുമാണ് യുവാൽ നോവാ ഹരാരി. അദ്ദേഹത്തിന്റെ Sapiens: A Brief History of Humankind എന്ന പുസ്തകം ലോകമാകമാനം വലിയ വിൽപ്പന നേടിയിരുന്നു. ഹരാരിയുടെ പുസ്തകങ്ങളുടെ കോപ്പികൾ ലോകമെമ്പാടുമായി 65 ഭാഷകളിലായി 40 ദശലക്ഷത്തിലധികം വിറ്റഴിഞ്ഞിട്ടുണ്ട്. അവയിൽ 'സാപ്പിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വ ചരിത്രം' (Sapiens: A Brief History of Humankind) മാത്രം 23 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിട്ടുണ്ട്. മലയാളത്തിലും ഈ പുസ്തകത്തിനു മികച്ച സ്വീകാര്യത ലഭിച്ചു.