സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഹോസ്റ്റൽ ഉണ്ടായിട്ടും അവിടെ പ്രശാന്തിന്റെ പേരിൽ രണ്ട് ഓഫീസ് മുറി അനുവദിച്ചിട്ടും എന്തിന് ശാസ്തമംഗലത്തെ നഗരസഭ കെട്ടിടത്തിൽ ഓഫീസ് മുറി തുറന്നിരിക്കുന്നുവെന്ന് ശബരീനാഥൻ നേരത്തെ ചോദിച്ചിരുന്നു. പ്രശാന്തും ബിജെപി കൗൺസിലർ ആർ ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയുടെ പേരിൽ തർക്കം നടക്കുന്നതിനിടെയാണ് പ്രശാന്തിനെതിരെ വിമർശനവുമായി ശബരീനാഥൻ കൂടി രംഗത്തെത്തിയത്.
ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് അങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി കെ പ്രശാന്ത് പറഞ്ഞു. ഇത്തരം തിട്ടൂരങ്ങൾക്ക് ശിരസ് കുനിക്കുകയാണെങ്കിൽ കേരളത്തിന്‍റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്‍റെ സൗകര്യത്തിനല്ലെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.
advertisement
"എന്തുകൊണ്ട് ഓഫീസ് അവിടെയെടുത്തു എന്നതിന് ഉത്തരമിതാണ്. എന്‍റെ മണ്ഡലത്തിലെ ആളുകൾക്ക് എല്ലാ സമയത്തും കടന്നുവരാനുള്ള സൗകര്യത്തിനാണ് ശാസ്തമംഗലത്തെ സ്ഥലം കണ്ടെത്തിയത്. ഏഴ് വർഷക്കാലമായി സുഗമമായി അവിടെ പ്രവർത്തിക്കുകയാണ്. ബിജെപിയുടെ ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴാണ് ഏതോ അജണ്ടയുടെ ഭാഗമായി എംഎൽഎയെ അവിടെ നിന്ന് മാറ്റണണമെന്ന് ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ശബരിനാഥനെ പോലൊരു ആൾ അതിന് കൂട്ടുനിൽക്കുന്നത് എന്ത് അർത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രത്യേക രാഷ്ട്രീയ സ്ഥിതിയിൽ അത് പഠിക്കേണ്ടതായിട്ടുണ്ട്. എന്നെ സംബന്ധിച്ച് എന്‍റെ നിയോജക മണ്ഡലത്തിലെ മുഴവൻ പേർക്കും വന്നുചേരാൻ കഴിയുന്ന സുഗമമായ സ്ഥലം എന്ന നിലയിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ സൗകര്യത്തിനാണ് ശാസ്തമംഗലത്തെ ഓഫീസ്. അല്ലാതെ ശബരിനാഥന്‍റെ സൗകര്യത്തിനല്ല. നൂറു കണക്കിന് സാധാരണക്കാർ അവിടെ എന്നും വരുന്നുണ്ട്. എംഎൽഎ ഹോസ്റ്റലിൽ എല്ലാ എംഎൽഎമാരെയും പോലെ എനിക്കും മുറിയുണ്ട്. എന്നാൽ സാധാരണക്കാർക്ക് ഏത് സമയത്തും അനുവാദത്തിന് കാത്തുനിൽക്കാതെ കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്"- വി കെ പ്രശാന്ത് പറഞ്ഞു. മാർച്ച് 31 വരെയുള്ള വാടക തുക അടച്ചിട്ടുണ്ട്, ആ കാലാവധി കഴിഞ്ഞ് ആലോചിക്കാമെന്ന നിലപാട് വി കെ പ്രശാന്ത് ആവർത്തിച്ചു.
ശബരിനാഥൻ പറഞ്ഞത്...
"ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും വി കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.
'ഇതെന്‍റെ അനിയൻ, ഞാനിവിടെയിരുന്ന് ജോലി ചെയ്യും, എല്ലാരും ഹാപ്പിയല്ലേ': നാടകീയ നീക്കവുമായി ശ്രീലേഖ, ഒഴിയില്ലെന്ന നിലപാടിലുറച്ച് വി കെ പ്രശാന്ത്
എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്. പക്ഷേ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎൽഎ ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എംഎൽഎ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?
ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം".
