വാളയാർ കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ പ്രൊമോഷൻ നൽകിയ അന്നുമുതലാണ് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഒപ്പമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാക്ക് പാലിക്കാൻ തയ്യാറാവണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണം പുനഃരന്വേഷണം നടക്കാൻ. സി.ബി.ഐ. ഉൾപ്പടെ ഏത് ഏജൻസി അന്വേഷിച്ചാലും ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഇവർ പറഞ്ഞു.
advertisement
കേസിൻ്റെ വിചാരണവേളയിൽ പ്രോസിക്യൂട്ടറായിരുന്ന ലത ജയരാജ് ഒന്നും പറഞ്ഞ് തന്നില്ലെന്നും ഇവർ പറഞ്ഞു. സംഭവ സ്ഥലം സന്ദർശിയ്ക്കാൻ പോലും ഇവർ തയ്യാറായില്ലെന്നും അമ്മ കുറ്റപ്പെടുത്തി. മന്ത്രി എ.കെ. ബാലൻ കുറ്റബോധം കൊണ്ടാണ് വീട്ടിൽ വരാത്തതെന്നും ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല സമരം നടത്തുന്നതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ പെൺകുട്ടികളുടെ അമ്മ സത്യഗ്രഹം നടത്തിയിരുന്നു.